‘പട്ടകം’ കവിതാസമാഹാരം പ്രകാശനം ഇന്ന്
1297569
Friday, May 26, 2023 11:25 PM IST
പുനലൂർ : ഫാ.ഡോ.ജോൺ സി.സിയുടെ പട്ടകം എന്ന പേരിൽ പുറത്തിറക്കുന്ന കവിതാ സമാഹാരം ഇന്ന് പ്രകാശനം ചെയ്യും. രാവിലെ 10.30 ന് പുനലൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയ ഓഡിറ്റോറിയത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി പ്രകാശനം നിർവഹിക്കും.
കെ.ബി.ഗണേഷ് കുമാർ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. പ്രഫ.ഡോ.ഷേർളി സ്റ്റുവർട്ട് പുസ്തകാവതരണം നടത്തും. ഡോ. അനു ജോർജ്, ഫാ.ഡോ.ജോൺ സി.സി എന്നിവർ പ്രസംഗിക്കും.
വൈദികന്റെ നാലാമത്തെ പുസ്തകമാണിത്. രണ്ട് ഇംഗ്ലീഷ് കവിതാ സമാഹാരങ്ങളും മാർ തോമസ് കുമ്പുക്കാട്ട് കോർ എപ്പിസ്ക്കോപ്പയെക്കുറിച്ച് ഓർമക്കുറിപ്പും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പട്ടകം എന്ന പേരിൽ പുറത്തിറക്കുന്നത് 51 കവിതകളുടെ സമാഹാരമാണ്.
ദീപികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ, അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ബർസാർ, എംസിഎ തിരുവനന്തപുരം മേജർ അതിരൂപതാ സ്പിരിച്വൽ ഡയറക്ടർ, തിരുവനന്തപുരം സ്നേഹ സദൻ ഡയറക്ടർ, കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ പുനലൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ഇടവക വികാരിയാണ്