പെണ്കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ
1297557
Friday, May 26, 2023 11:24 PM IST
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് പോക്സോ നിയമപ്രകാരം പോലീസ് പിടിയിൽ. തൃക്കോവിൽവട്ടം കീഴൂട്ട് വയലിൽ റാം നിവാസിൽ സൂര്യറാം(22) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ ഇയാൾ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം 2022 ഒക്ടോബറിൽ രഹസ്യമായി പെണ്കുട്ടിയെ ഇയാളുടെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷകർത്താക്കൾ കൗണ്സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പെണ്കുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടിയം പോലീസ് ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷിഹാസ്, വിൽസണ്, ജോസ്, സിപിഓ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സിആർഇസഡ് ഹിയറിംഗ് ഫലപ്രദമായില്ല
കൊല്ലം : തീരദേശ പരിപാലന അതോറിറ്റി നടത്തിയ ഹിയറിംഗ് ഫലപ്രദമായില്ലെന്നും മത്സ്യത്തൊഴിലാളികളുടെ ആശങ്കയകറ്റാൻ നടപടി വേണമെന്നും കൊല്ലം പീപ്പിൾ സോഷ്വോ-കൾച്ചറൽ ഫോറം പ്രസിഡന്റ് എ.ജെ. ഡിക്രൂസ് ആവശ്യപ്പെട്ടു.
ചെറിയ ഹാളിൽ എല്ലാവരേയും കുത്തി നിറച്ച് നടത്തിയ ഹിംയറിംഗ് പ്രഹസനവും ജനങ്ങളെ വളരെയേറെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. ഹാളിന് അകത്തും പുറത്തും ഒരുപോലെ തിക്കും തിരക്കും അനുഭവപ്പെട്ടു. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട് ഹിയറിംഗ് എത്തിയവർക്ക് ഹാളിൽ പോലും പ്രവേശിക്കാനായില്ല. ഇത് യാതൊരു നീതികരണവുമില്ലാത്ത നടപടിയാണെന്നും പറഞ്ഞു.