മോഷണകുറ്റം ആരോപിച്ചു വിദ്യാര്ഥിക്ക് നേരെ പരസ്യ വിചാരണ : പോലീസ് അന്വേഷണം ആരംഭിച്ചു
1283282
Saturday, April 1, 2023 11:20 PM IST
അഞ്ചല് : മോഷണകുറ്റം ആരോപിച്ചു വിദ്യാര്ഥിക്ക് നേരെ പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ 27 നാണ് ബന്ധുവിനോപ്പം ഒന്പതാംക്ലാസുകാരന് ചിതറയിലുള്ള ഒരു സൂപ്പര് മാര്ക്കറ്റില് സാധനങ്ങള് വാങ്ങാന് എത്തി മടങ്ങുന്നത്.
എന്നാല് വൈകുന്നേരത്തോടെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈല് ഫോണ് മോഷ്ടിച്ച പ്രതി എന്ന രീതിയില് വിദ്യാര്ഥിയുടെ ദൃശ്യങ്ങള് വാട്സാപ് അടക്കമുള്ള സോഷ്യല് മീഡിയകള് വഴി പ്രചരിച്ചു. കൂടാതെ ക്ഷേത്ര ഉത്സവത്തിനെത്തിയ വിദ്യാര്ഥിയെയും മാതാവിനെയും സൂപ്പര് മാര്ക്കറ്റിലുള്ളവര് തടഞ്ഞുവയ്ക്കുകയും ഇതുവഴി പോയവരോട് അടക്കം മൊബൈല്ഫോണ് മോഷ്ടിച്ചവര് എന്ന് പറഞ്ഞു അപമാനിച്ചതായും ഒന്പതാം ക്ലാസുകാരനും മാതാവും പറയുന്നു.
തുടര്ന്ന് രാത്രി 12 ഓടെ മാതാവ് കുട്ടിയുമായി ചിതറ പോലീസ് സ്റ്റേഷനില് എത്തി പരാതി നല്കി. പ്രചരിച്ച സിസിടിവി ദൃശ്യങ്ങളില് മൊബൈല്ഫോണ് മോഷ്ടിക്കുന്നതിന്റെ യാതൊരുവിധ തെളിവും പോലീസിനും കണ്ടെത്താന് കഴിഞ്ഞിട്ടില്ല.
എന്നാല് ദൃശ്യങ്ങള് സോഷ്യല് മീഡിയ വഴി പ്രചരിപ്പിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തവര്ക്കെതിരെ നടപടി ആവശ്യപ്പെട്ടു നിയമ നടപടി ആരംഭിച്ചിരിക്കുകയാണ് ഈ ദളിത് കുടുംബം. സംഭവത്തില് ചിതറ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.