സുരക്ഷാ പാഠങ്ങളുമായി മണ്‍ട്രോതുരുത്തില്‍ മോക്ക്ഡ്രില്‍
1282646
Thursday, March 30, 2023 11:00 PM IST
കൊല്ലം: പ്രളയകാലത്തെ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി മണ്‍ട്രോതുരുത്തില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ മേല്‍നോട്ടത്തില്‍ മണ്‍ട്രോതുരുത്ത് പേഴംതുരുത്തില് ഇടച്ചാല്‍ പാലത്തിന് സമീപം നടന്ന മോക്ക്ഡ്രില്ലില്‍ ദേശീയ ദുരന്തനിവാരണ സേന, ജില്ലാ ദുരന്ത നിവാരണ കേന്ദ്രം, റവന്യൂ, ഫയര്‍ ഫോഴ്സ്, പോലീസ്, ആരോഗ്യം, പഞ്ചായത്ത് വകുപ്പുകളും പങ്കെടുത്തു.
വെള്ളപൊക്കത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് മോക്ക്ഡ്രില്ലില്‍ നടന്നത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഫയര്‍ഫോഴ്സ്, ദേശീയ ദുരന്തനിവാരണ സേന എന്നിവയിലെ അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
അപകടത്തില്‍ കായലിന്റെ ആഴത്തില്‍ കാണാതായ ഒരാള്‍ ഉള്‍പ്പെടെ ആറ് പേരെയും രക്ഷിച്ചു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സി പി ആര് ഉള്‍പ്പടെയുള്ള പ്രാഥമിക ശുശ്രൂഷ നല്കി, ആംബുലന്‍സുകളില്‍ ആശുപത്രിയില്‍ എത്തിച്ചു.
ഡ്രോണുകള്‍ സഹിതമുള്ള ആധുനിക ആശയവിനിമയ സംവിധാനവും കൺട്രോള് റൂമും രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി. അപകടത്തില്‍പെട്ട ആറ് പേരെയും രക്ഷിച്ചതായി ജില്ലാ കളക്ടറെ അറിയിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.
സബ് കളക്ടര്‍ മുകുന്ദ് ഠാകൂര്‍, എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് എസ് ശങ്കര്‍ പാണ്ഡ്യന്, എസ്ഐ സഞ്ജീവ് ദേശ്വാള്, ഫയര്‍ ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ സക്കറിയ അഹമ്മദ്കുട്ടി, മണ്‍ട്രോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍, കൊല്ലം തഹസില്‍ദാര്‍ ജാസ്മിന് ജോര്‍ജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം ബി മനോജ്, സജീവ്, വില്ലേജ് ഓഫീസര്‍ മിനി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.