കിഴക്കേ കല്ലടയിൽ നെൽകൃഷിയുടെ പേരിലുള്ള സബ്സിഡി അന്വേഷിക്കണം: കിസാൻസഭ
1280942
Saturday, March 25, 2023 11:12 PM IST
കുണ്ടറ : തരിശ് നെൽകൃഷിയുടെ പേരിൽ കിഴക്കേകല്ലട കൃഷിഭവന്റെ സഹായത്തോടെ നടക്കുന്ന സബ്സിഡി ശ്രമങ്ങൾ അന്വേഷിക്ക ണമെന്ന് കിസാൻ സഭാ കിഴക്കേകല്ലട മേഖല കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി കർഷകർ വർഷവും കൃഷി ചെയ്തു വരുന്ന ത്രിവേണി പാടശേഖരത്തിൽ മുഴുവൻ നിലം ഉടമകളോ കർഷകരോ അറിയാതെയാണ്അവരുടെ നിലങ്ങളിൽ കുട്ടനാട് പ്രദേശത്തുള്ള ഒരു സംഘം ആളുകൾ കൃഷി ആരംഭിച്ചത്.
ത്രിവേണി പാടശേഖരം തരിശ് നിലമല്ല എന്നിരിക്കെ പാടശേഖരസമിതി എന്ന പേരിൽ രജിസ്ട്രേഷൻ പോലുമില്ലാത്ത ചിലർ ഇടനിലക്കാരായി നിന്ന് കുട്ടനാട് സംഘത്തിന് ഒത്താശ ചെയ്യുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ചില പഞ്ചായത്ത് അംഗങ്ങളുടെയും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെയും വഴി വിട്ട സഹായത്തോടെയാണ് ഇത് നടക്കുന്നത് എന്നാണ് പരാതി. ഉടമകൾ അറിയാതെ അതിർത്തികളും സർവേ കല്ലുകളും നശിപ്പിച്ചു. പാടശേഖരം ഒറ്റ അടവിൽ പൂട്ടി.
ഇതിൽ പ്രതിഷേധിച്ച ഉടമകളെ കുട്ടനാട് സംഘം ഭീഷണിപ്പെടുത്തി എന്നും ആക്ഷേപമുണ്ട്. ഏകദേശം 50 ഹെക്ടറോളമുള്ള പാടം 100 ഹെക്ടർ ഉണ്ടെന്ന് വരുത്തി 50 ലക്ഷത്തോളം രൂപ സബ്സിഡി വാങ്ങിയെടുക്കുന്നതിനു വേണ്ടിയാണു ഇങ്ങനെ ചെയ്തതെന്നാണ് ആരോപണം. ഇതിനു വേണ്ടി തട്ടിക്കൂട്ടിയ പാടശേഖര സമിതിയ്ക്ക് രജിസ്ട്രേഷനോ സർട്ടിഫിക്കറ്റൊ ഇല്ലെന്ന് പറയപ്പെടുന്നു.
സെക്രട്ടറിയുടെയോ ഖജാൻജിയുടെയോ പേരിൽ ഇവിടെെ നിലമില്ല. പാടശേഖര സമിതിയോ കർഷകരോ അല്ല കൃഷി ചെയ്തിരിക്കുന്നത്. നിലം പൂട്ടി വിത്ത് വിതറിയതല്ലാതെ കള നശിപ്പിച്ച് ആവശ്യമായ വളം ചെയ്യുകയോ പരിചരണം കൊടുക്കുകയോ ചെയ്യാത്തതിനാൽ കൃഷിയിൽ നേട്ടം ഉണ്ടാക്കാനും കഴിഞ്ഞിട്ടില്ല.
ഉടമകൾ സമ്മതപത്രം വിസമ്മതിച്ചതിനെ തുടർന്ന് വില്ലേജ് ഓഫീസറിൽ നിന്നും 100 ഹെക്ടർ നിലം ഉണ്ടെന്നുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ ശ്രമിക്കുകയാണ് സംഘം. സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച വനിതാ വില്ലേജ് ഓഫീസർ സമ്മർദം ഉണ്ടായതിനെ തുടർന്ന് സ്ഥലം മാറിപ്പോയി. ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന കിഴക്കേകല്ലട കൃഷി ഓഫീസറുടെ ചുമതല ഏറ്റെടുക്കാൻ ആരും തയാറാകാത്തത്.
ഇപ്പോൾ മൺട്രോതുരുത്തു ഓഫീസർക്കാണ് അധിക ചുമതല. നിലം ഉടമകൾ കൃഷി ചെയ്യാൻ തയാറായിട്ടും അവരെ ഒഴിവാക്കി കുട്ടനാട്ടുള്ള സംഘത്തെ ഇവിടെ കൊണ്ടുവന്ന് വൻ തുക സബ്സിഡി ഇനത്തിൽ കൈപ്പറ്റുവാൻചിറ്റുമല കൃഷി അസിസ്റ്റന്റ് ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തെ സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും കിസാൻ സഭ കുന്നത്തൂർ മണ്ഡലം ജോയിന്റ് സെക്രട്ടറി പറത്തുർ ഷിബു, സിപിഐ ലോക്കൽ സെക്രട്ടറി ആർ. ജി. രതീഷ്, ബി കെഎംയു നേതാവ് പനയം സുധാകരൻ എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചേർന്ന കാർഷിക വികസന സമിതി യോഗം സി പി ഐ അംഗങ്ങൾ ബഹിഷ്ക്കരിച്ചു.