കൊല്ലം മഹാനഗരം ലക്ഷ്യം
1280939
Saturday, March 25, 2023 11:09 PM IST
കൊല്ലം: പൗരാണിക നഗരിയുടെ ഗരിമയോടെ തിളങ്ങി നിൽക്കുന്ന കൊല്ലത്തെ മഹാനഗരമാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി 2023 -24 ലെ കോർപറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ കൊല്ലം മധു അവതരിപ്പിച്ചു.
11871555846 രൂപ വരവും 10984406536 രൂപ ചെലവും 887149310 രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഇതിൽ 2022-23-ലെ പുതുക്കിയ ബജറ്റ് പ്രകാരം 1922114426 രൂപ മുൻബാക്കിയാണ്.
കുടിവെള്ളം, വീടില്ലാത്തവർക്ക് വീട്, അതിദാരിദ്ര്യ നിർമാർജനം, ആരോഗ്യം, കായൽ സംരക്ഷണം, ടൂറിസം, മത്സ്യമേഖലയുടെ വികസനം എന്നിവയ്ക്കാണ് പ്രാധാന്യം ബജറ്റിൽ നൽകിയിട്ടുള്ളത്.
കുരീപ്പുഴയെ ശുചിത്വ സുന്ദരമാക്കും
കുരീപ്പുഴ ചണ്ടിഡിപ്പോയെ അതിനൂതനമായ ടെക്നോളജിയിലൂടെ ഓരോ ഇനങ്ങളായി വേർതിരിച്ച് ഏഴ് പതിറ്റാണ്ടിന്റെ മാലിന്യത്തെ 11 കോടി എൺപത് ലക്ഷം രൂപ മുടക്കി സിഗ്മ സോല്യൂഷനെകൊണ്ട് മാറ്റി ഇവിടെ ശുചിത്വ സുന്ദര പ്രദേശമാക്കി ലോകത്തിന് മാതൃകയാക്കാൻ കോർപറേഷന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിൽ ഇക്കാര്യത്തിൽ കൊല്ലം മോഡൽ സ്വീകരിക്കാനാണ് നീതി ആയോഗ് തുടങ്ങിയവ നിർദേശിച്ചിരിക്കുന്നത്.
കുരീപ്പുഴ എസ്ടിപി പ്ലാന്റിന്റെ പ്രവർത്തനം ഉടനെ സജ്ജമാമാക്കുന്നതിനുള്ള വേഗതയാർന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എസ്ടിപി അമൃത് രണ്ടിന് രണ്ടുകോടി രൂപയാണ് ബജറ്റിൽ മാറ്റി വയ്ക്കുന്നത്.
നഗര തൊഴിലുറപ്പ് പദ്ധതിക്ക് 25 കോടി
മഹാത്മാ അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതി വിജയകരമായി കേരളത്തിൽ നടപ്പാക്കിയ കോർപറേഷനുള്ള പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും കൊല്ലം കോർപറേഷന് ലഭിച്ച സ്ഥിതിക്ക് ഈ മേഖലയ്ക്ക് ഉണർവ് നൽകാനായി ബജറ്റിൽ പ്രത്യേകം പ്രാധാന്യം നൽകിയിട്ടുണ്ട്. ഈ മേഖലയിൽ കൂടുതൽ കൃഷിയിടങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയുണ്ട്. 25 കോടി രൂപയാണ് മഹാത്മാ അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്.
വീട് എന്ന മോഹം യാഥാർഥ്യമാക്കും
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നത് 2000 കുടുംബങ്ങളാണ്. ബജറ്റിൽ ലൈഫ് പദ്ധതിയിൽ 300 കുടുംബങ്ങൾക്കുള്ള ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്നതിന് ആറു കോടി രൂപയും ലൈഫ് പദ്ധതിയിൽ ഭൂമി ഏറ്റെടുക്കുന്നതിന് 10 കോടി രൂപയും ലൈഫ് പദ്ധതിയിൽപ്പെട്ട ഭൂരഹിത ഭവന രഹിതർക്ക് ഭവന നിർമാണത്തിന് 1500 പേർക്ക് 30 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കായൽ സംരക്ഷണം
ജലസ്രോതസുകളെ സംരക്ഷിക്കാൻ മുഖ്യപരിഗണനയാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അഷ്ടമുടിക്കായലിൽ ജെറ്റ് സ്കീ, പെഡൽ ബോട്ട്, ശിക്കാര ബോട്ട്, വാട്ടർ സ്പോർട്സ്, ഹബ്, കടവുകളുടെ സംരക്ഷണം എന്നിവയ്ക്കായി 25 കോടി രൂപയും ആശ്രാമം അഷ്ടമുടിയുടെ തീരത്ത് സൈഡ് വാൾ കെട്ടി സൗന്ദര്യവൽകരണം നടത്താൻ 75 ലക്ഷം രൂപയും ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി എന്ന നഗരസഞ്ചയ പദ്ധതിക്കായി 10 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
അഷ്ടമുടിയുടെ കോർപറേഷൻ മേഖലയിലെ 12 കടവുകളും മനോഹരമാക്കി സംരക്ഷിച്ച് വൃത്തിയുള്ളതായി മാറ്റുകയും അഷ്ടമുടി ഡ്രഡ്ജ് ചെയ്ത് ചെളി നീക്കി ഫ്ളോട്ടിംഗ് ഗാർഡൻ, മ്യൂസിക്കൽ ഫൗണ്ടൻ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഒരുക്കി കായലിലെ മാലിന്യങ്ങൾ മാറ്റി യഥാർഥ കായൽ സൗന്ദര്യം നിലനിർത്താനുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ബജറ്റിൽ പറയുന്നു. ശക്തികുളങ്ങരയിലെ വട്ടക്കായൽ സംരക്ഷണത്തിനായി മൂന്നു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നൈപുണ്യം പദ്ധതി
ബികോം എംകോം, എച്ച്ഡിസി, ജെഡിസി യോഗ്യത ഉള്ളവരെ കോർപറേഷൻ മേഖലയിലെ സഹകരണ ബാങ്കുകളിലും മറ്റും ഓണറേറിയം കോർപറേഷൻ നൽകി നൈപുണ്യത്തിനായി ഒരു വർഷത്തേക്ക് അയക്കുന്നതിനായി രണ്ടു കോടി രൂപ വകയിരുത്തി. കൂടാതെ നാടകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നാടകോത്സവവും സാഹിത്യോത്സവവും നടത്താനായി 20 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
കാവനാട് കോർപറേഷൻ കമ്യൂണിറ്റി ഹാൾ നവീകരണത്തിന് രണ്ടു കോടി രൂപയും തൃക്കടവൂർ സോണൽ നിർമാണത്തിന് ഒരു കോടി രൂപയും അഞ്ചാലുംമൂട് ജംഗ്ഷനിൽ ഓപ്പൺ എയർ ഓഡിറ്റോറിയം നവീകരണത്തിന് രണ്ടു കോടിയും ആണിക്കുളത്ത് ചിറ മിനിസ്റ്റേഡിയം നിർമാണത്തിന് ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്.
കൂടാതെ കൊല്ലം ബീച്ച് നവീകരണത്തിന് അഞ്ചു കോടിയും നഗരത്തിലെ വീഥികൾ മനോഹരമാക്കുന്നതിന് 10 കോടിയും മത്സ്യമേഖലയ്ക്ക് ഒരു കോടിയും ബാലസൗഹൃദ നഗരസഭയ്ക്ക് ഒരു കോടിയും കൈത്തറി വ്യവസായത്തിന് പ്രത്യേക പദ്ധതിയും കോർപറേഷൻ വക ലൈബ്രറികൾക്ക് 20 ലക്ഷം രൂപയും മഴവെള്ള സംഭരണിയ്ക്ക് 50 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
കൊല്ലത്തിന്റെ കവി തിരുനല്ലൂർ കരുണാകരൻ ഉൾപ്പെടെയുള്ളവരുടെ കവിതകൾ ഏതാനും പദ്ധതികളിൽ ഉദ്ധരിച്ചുള്ള അവതരണം എന്ന പ്രത്യേകതയും ഈ ബജറ്റിനെ കൗതുകകരമാക്കി.
മേയർ പ്രസന്നാ ഏണസ്റ്റ് ആമുഖ പ്രസംഗം നടത്തി. ബജറ്റ് ചർച്ച 28ന് നടക്കും.