വനിതാ കണ്ടക്ടറെ അസഭ്യം പറയുകയും പോലീസുകാരനെ മർദിക്കുകയും ചെയ്ത യുവാവ് റിമാൻഡിൽ
1280934
Saturday, March 25, 2023 11:08 PM IST
ചവറ: മദ്യലഹരിയിലായ യുവാവ് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ അസഭ്യം പറയുകയും സംഭവം അന്വേഷിക്കാൻ ചെന്ന പോലീസുകാരനെ മർദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടുക്കൽ വയല ചരിവുള്ള പുത്തൻവീട്ടിൽ രതീഷി (33)നെ ചവറ തെക്കുംഭാഗം പോലീസ് പിടികൂടി.
കഴിഞ്ഞദിവസം വൈകുന്നേരം 5.30 നാണ് സംഭവങ്ങൾക്ക് തുടക്കം. കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ രതീഷ് മദ്യലഹരിയിൽ ബസ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറി. ഇതിനെ തുടർന്ന് ബസ് പോലീസ് സ്റ്റേഷനു മുന്നിൽ എത്തിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന ഇയാളെ പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പോലീസിനു നേരെ ഇയാൾ തിരിയുകയായിരുന്നു. ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ അഫ്സലിനെ രതീഷ് മറ്റുള്ളവരുടെ മുമ്പിൽ വച്ച് മർദിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർമാരായ ഡി.ശങ്കരനാരായണപിള്ള, കെ.എൽ ഗോപകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, രതീഷ്, സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ അക്രമകാരിയായ രതീഷിനെ ബലപ്രയോഗത്തിലൂടെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
സ്റ്റേഷനിൽ വച്ചും ഇയാൾ അഫ്സലിനെ വീണ്ടും മർദിച്ചതായും പറയപ്പെടുന്നു. തുടർന്ന് രതീഷ് വീണ്ടും അക്രമകാരിയായി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയുടെ വാതിൽ തകർക്കുകയും സെല്ലിനുള്ളിലെ ബാത്ത്റൂം തകർക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനും പോലീസിനെ മർദിച്ചതിനും വനിതാ കണ്ടക്ടറോട് അപമര്യാതയായി പെരുമാറിയതിനും ഇയാൾക്കെതിരെ ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു. പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതി രതീഷിനെ റിമാൻഡ് ചെയ്തു.