അഞ്ചലില് റിപ്പര് മോഡല് ആക്രമണം: ചുറ്റിക കൊണ്ട് അടിയേറ്റ പൂജാരിക്ക് പരിക്ക്
1280621
Friday, March 24, 2023 11:09 PM IST
അഞ്ചല്: അഞ്ചലില് കാവിനുള്ളില് അതിക്രമിച്ചു കടന്നയാള് പൂജാരിയെ ആക്രമിച്ചു. പനയഞ്ചേരി പഴേയ്ക്കലമ്മ വലിയ പണിക്കന് കാവിലാണ് ആക്രമണം നടന്നത്. മദ്യപിച്ചെത്തിയ പനയഞ്ചേരി പാറക്കാട്ട് പടിഞ്ഞാറ്റേതിൽ വീട്ടില് രവികുമാര് (52) എന്നയാളുടെ ആക്രമണത്തില് പനയഞ്ചേരി സ്വദേശിയും കാവ് പൂജാരിയുമായ ഉത്തമന് (68) ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രവികുമാര് അടങ്ങുന്ന മൂന്നംഗ സംഘം കാവിനു പരിസരത്തിരുന്നു മദ്യപിച്ച ശേഷം രവികുമാര് കാവില് കടക്കുകയും ഇവിടെ ഉണ്ടായിരുന്ന പൂജാരിയോട് കിടക്കണം എന്നും കട്ടില് വേണം എന്ന് ആവശ്യപ്പെട്ടു.
കാവാണെന്നും ഇവിടെ കിടക്കാന് കഴിയില്ലെന്നും പറഞ്ഞ പൂജാരി ഇയാളെ ഇറക്കി വിടാന് ശ്രമിച്ചു. ഇതിനിടയില് ഉത്തമനെ രവികുമാറിന്റെ കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് തലക്ക് അടിച്ചു മാരകമായി പരിക്കേല്പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഉത്തമന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും കാവ് ഭാരവാഹികളും ചേര്ന്ന് ഉടന് അഞ്ചല് ആശുപത്രിയില് എത്തിച്ചു ചികിത്സ നല്കി. തലക്ക് ആറോളം തുന്നിക്കെട്ടുകള് ഉണ്ട്. പ്രാഥമിക പരിശോധനയില് വിദഗ്ധ ചികിത്സ ആവശ്യമെന്ന് കണ്ടതിനെ തുടര്ന്ന് ഇയാളെ ഉടന് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിക്കും.
സംഭവശേഷം സ്ഥലത്ത് നിന്നും കടന്നു കളഞ്ഞ രവികുമാറിനെ പനയഞ്ചേരിയില് വച്ച് പോലീസ് പിടികൂടി. കാവ് പരിസരത്ത് എറിഞ്ഞ ചുറ്റികയും പോലീസ് കണ്ടെടുത്തു. കൊലപാതക ശ്രമം അതിക്രമിച്ചു കടക്കല് അടക്കമുള്ള വകുപ്പുകള് ചുമത്തി കേസെടുത്ത അഞ്ചല് പോലീസ് പിന്നീട് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വൈദ്യപരിശോധനക്ക് ശേഷം കോടതിയില് ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. അഞ്ചല് എസ്എച്ച്ഒ കെ.ജി ഗോപകുമാര്, എസ്ഐ പ്രജീഷ്കുമാര്, ജി എസ്ഐമാരായ ഷാജഹാന്, ഓമനക്കുട്ടന്, സീനിയര് സിവില് പോലീസ് ഓഫീസര് അനില് ചെറിയാന്, സിവില് പോലീസ് ഓഫീസര് ദീപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.