ഭീഷണിയായി നിന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിനു വനം വകുപ്പ് നടപടി തുടങ്ങി
1280312
Thursday, March 23, 2023 11:23 PM IST
കുളത്തൂപ്പുഴ: പുറമ്പോക്ക് നിവാസികള്‍ക്ക് ഭീഷണിയായി നിന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിനു വനം വകുപ്പ് നടപടി ആരംഭിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട്- കല്ലുകുഴി പ്രദേശത്തെ പുറമ്പോക്ക് നിവാസികളായ കുടുംബങ്ങളുടെ നിരവധി വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ പ്രാവര്‍ത്തികമായത്.
മലയോര ഹൈവേയില്‍ വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി പാതയോരത്തുളള മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വനം വകുപ്പ് ഇപ്പോള്‍ നടപടി തുടങ്ങിയത്.
ആദ്യഘട്ടമായി കല്ലുകുഴി ഭാഗത്ത് നിന്നിരുന്ന മരങ്ങളാണ് നീക്കം ചെയ്യുന്നത്. കാറ്റും മഴയുമെത്തുമ്പോള് ഇവിടത്തെ താമസക്കാരായ കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്.
പാതയോരത്ത് പടര്‍ന്നു പന്തലിച്ച് നില്ക്കുന്ന വന്മരങ്ങളുടെ ശിഖരങ്ങളും ചില്ലകളും ഒടിഞ്ഞുവീണും കാറ്റിലടര്ന്നും പലപ്പോഴും പാതയോരത്തെ വീടുകള്‍ക്ക് മുകളിലേക്കും വാഹനങ്ങള്‍ക്ക് മുകളിലേക്കും വീണിട്ടുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്.
അതിനാല്‍ തന്നെ അപകടകരമായ മരങ്ങള്‍ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കുളത്തൂപ്പുഴ വനം റെയിഞ്ച് വേങ്കൊല്ലം സെക്ഷന്‍ അധികൃതരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മരം മുറി ആരംഭിച്ചത്. മഴക്കാലമെത്തുന്നതിനു മുമ്പായി മരങ്ങള്‍ നീക്കംചെയ്തു തുടങ്ങിയതോടെ സ്വന്തം കുടിലുകളില്‍ മനസമാധാനത്തോടെ അന്തിയുറങ്ങാമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത്കുമാര്‍, കുളത്തൂപ്പുഴ വൈദ്യുതി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നസീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറി ആരംഭിച്ചത്.