ചക്കപ്പഴക്കാലം പദ്ധതിയ്ക്ക് തുടക്കം
1264032
Wednesday, February 1, 2023 10:52 PM IST
കരുനാഗപ്പള്ളി : നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന വേറിട്ട പദ്ധതിയായ ചക്കപ്പഴക്കാലം പദ്ധതിക്ക് തുടക്കമായി.
അത്യുത്പാദന ശേഷിയുള്ള പന്ത്രണ്ടായിരത്തിലധികം വിയറ്റ്നാം പ്ലാവിൻ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഒരു ഡിവിഷനിലെ 310 കുടുംബങ്ങൾക്ക് വീതമാണ് പ്ലാവിൻ തൈകൾ വിതരണം ചെയ്യുന്നത്. ചക്ക ഉത്പാദനത്തിൽ വമ്പിച്ച കുതിച്ചുചാട്ടവും ചക്ക ഉപയോഗിച്ച് നിർമിക്കുന്ന വിവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനവും പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതായി നഗരസഭ അധികൃതർ അറിയിച്ചു.
ഇത് കൂടാതെ രണ്ട് ലക്ഷത്തിലധികം പച്ചക്കറി തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു. എല്ലാ ഇനത്തിലും പെട്ട പച്ചക്കറി തൈകൾ മുഴുവൻ ഡിവിഷനുകളിലെയും കുടുംബങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷത്തോളം രൂപയാണ് ഈ പദ്ധതികൾക്കായി മാറ്റിവെച്ചിരിക്കുന്നത്.
താച്ചയിൽ ജംഗ്ഷനു സമീപം നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പടിപ്പുര ലെത്തീഫ് അധ്യക്ഷത വഹിച്ചു.
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം ശോഭന, എൽ ശ്രീലത, ഇന്ദുലേഖ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.