വായനാകുറിപ്പ് വിജയികൾക്ക് സഞ്ചയപുരസ്കാരം നൽകി
1264028
Wednesday, February 1, 2023 10:51 PM IST
ചവറ: പുസ്തക സഞ്ചയം പദ്ധതിയുടെ ഭാഗമായി നടത്തിയ വായനാക്കുറിപ്പ് മത്സര വിജയികൾക്ക് സഞ്ചയ പുരസ്കാരം നൽകി. പുരോഗമനകലാ സാഹിത്യ സംഘം വടക്കുംതല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുസ്തക സഞ്ചയം പദ്ധതി നടപ്പിലാക്കിയത്. വായനാക്കുറിപ്പ് മത്സരവിജയികൾക്ക് ജില്ലാ സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണൻ പുരസ്കാരം നൽകി.
500 മത്സരാർഥികളിൽനിന്ന് എസ് വിപിഎംഎച്ച് എസിലെ ഹിദാഅൻവർ, കെ എം ജെ എൽ പി എസിലെ സന ഫാത്തിമ, ഡിവിഎൽ പിഎസിലെ അൽക്കായാദവ്, സിഎംഎസ്എൽ പി എസിലെ ആവണി ആർ രതീഷ് എന്നിവരാണ് സഞ്ചയ പുരസ്കാരത്തിന് അർഹരായത്.
എഴുത്തുകാരിൽ നിന്നും വായനക്കാരിൽ നിന്നും വായിച്ചൊഴിഞ്ഞ 4000 പുസ്തകങ്ങൾ ശേഖരിച്ചു. ശേഖരിച്ച പുസ്തകങ്ങൾ അലമാര ഉൾപ്പെടെ വിവിധ വിദ്യാലയങ്ങളിലെ ക്ലാസ് ലൈബ്രറികൾക്ക് നൽകി. അധ്യാപകരുടെ ചുമതലയിൽ വിദ്യാർഥികൾ പുസ്തകങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തി വായനാക്കുറിപ്പുകൾ എഴുതി വാങ്ങി മികച്ചതിന് സഞ്ചയ പുരസ്കാരം നൽകുന്നതാണ് പദ്ധതി.
പരിപാടിയിൽ എൽ. വിജയൻ നായർ, അഹമ്മദ് മൻസൂർ, രാജീവ് ചന്ദ്രൻ, കെ ജെ നിസാർ, ശിവപ്രസാദ്, അനിൽ കൊക്കരിക്കൽ എന്നിവർ പ്രസംഗിച്ചു.