ആധാരം എഴുത്തുകാരെ സർക്കാർ വഴിയാധാരമാക്കരുത്: പി ജർമിയാസ്
1245780
Sunday, December 4, 2022 10:59 PM IST
കൊല്ലം: രജിസ്ട്രേഷൻ വകുപ്പ് പുത്തൻ പരിഷ്കാരങ്ങൾ എന്ന പേരിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കരി നിയമങ്ങൾ ആധാരം എഴുത്തുകാരെ വഴിയാധാരമാക്കുന്നതാണെന്ന് കെപിസിസി സെക്രട്ടറി പി ജർമിയാസ് പറഞ്ഞു.
ഓൾ കേരള ഡോക്കുമെന്റ് റൈറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജർമിയാസ്.
ആധാരം എഴുതുന്ന പരമ്പരാഗത രീതിക്ക് പകരം ഓൺലൈൻ സംവിധാനം കൊണ്ടുവന്നു നടപ്പിലാക്കി വരുന്നതിനിടയിലാണ് ടെമ്പ്ളറ്റ് എന്നൊരു സംവിധാനം നടപ്പിലാക്കാൻ രജിസ്ട്രേഷൻ ഐജി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നും ആധാരം എഴുത്തുകാരുടെ തൊഴിലിനെ വളരെ ദോഷകരമായി ബാധിക്കുന്ന ടെമ്പ്ളറ്റ് സമ്പ്രദായം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും, അസോസിയേഷൻ നടത്തുന്ന ധർമ്മ സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും ജർമിയാസ് പറഞ്ഞു.
കൊല്ലം സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണയ്ക്ക് പ്രസിഡന്റ് വി സുഭാഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി ശിവകുമാർ, കല്ലട കുഞ്ഞുമോൻ, കരുനാട്ട് ശശി, മോഹന കൃഷ്ണൻ, മഹേശൻ, രാജി എന്നിവർ പ്രസംഗിച്ചു.