സംവരണ പ്രശ്നത്തിൽ മുസ്ലിംലീഗ് മറുപക്ഷം ചേർന്നു: വെള്ളാപ്പള്ളി
1244895
Thursday, December 1, 2022 11:14 PM IST
ചാത്തന്നൂർ: സംവരണ പ്രശ്നത്തിൽ സാമുദായിക സംവരണ മുന്നണിയിലുണ്ടായിരുന്ന മുസ്ലിം ലീഗ് അധികാരം കിട്ടിയപ്പോൾ സാമ്പത്തിക സംവരണമെന്ന നിലപാടിലേയ്ക്ക് മാറിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . എന്നാൽ ഇപ്പോൾ അതിൽ ഖേദിക്കുന്നുണ്ടെന്ന് ചില മുസ്ലിം ലീഗ് നേതാക്കൾ തന്നോട് വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ചാത്തന്നൂർ എസ് എൻഡിപി യൂണിയൻ നിർമിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം.
സംവരണ കാര്യത്തിൽ വ്യത്യസ്ത നിലപാടുകളാണ് ഇടത് - വലത് മുന്നണികൾ സ്വീകരിക്കുന്നത്. കേരളത്തിൽ സാമ്പത്തിക സംവരണത്തെ അനുകൂലിക്കുമ്പോൾ തമിഴ്നാട്ടിൽ സാമുദായിക സംവരണത്തെയാണ് സിപി എമ്മും കോൺഗ്രസും അനുകൂലിക്കുന്നത്. സ്റ്റാലിന്റെ നിലപാടുകൾ സ്വീകരിച്ചില്ലെങ്കിൽ ഇരുമുന്നണികളെയും സ്റ്റാലിൻ പുറത്താക്കും. അവസരവാദ രാഷ്ട്രീയമാണ് ഇടത്--വലത് മുന്നണികൾ സ്വീകരിക്കുന്നത്. ഇത് ജനവഞ്ചനയാണ്. സാമുദായിക സംവരണത്തിന് വേണ്ടിയുള്ള നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാമുദായികമായി ശക്തി സമാഹരിച്ചാൽ മാത്രമേ സാമൂഹ്യ നീതി നേടാൻ കഴിയു. ഈഴവ സമുദായത്തിന് ഒത്തൊരുമ ഇല്ലാത്തതിനാൽ ഒരു പാട് നഷ്ടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കയാണ്. സഹായിക്കുന്നവരോട് നന്ദിയും സ്നേഹവും മര്യാദയും പ്രകടിപ്പിക്കുവാൻ മറന്നു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അധ്യക്ഷനായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് സി. സജീവ്, സെക്രട്ടറി കെ.വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വരജത ജൂബിലി ഭവനങ്ങളുടെ താക്കോൽ ദാനവും അദ്ദേഹം നിർവഹിച്ചു. യൂണിയൻ അതിർത്തിയിലെ ആദിച്ചനല്ലൂർ, പാരിപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് ശാഖകളിലെ ഓരോ വീടുകളുടെ താക്കോൽ ദാനമാണ് നിർവഹിച്ചത്.