കരുനാഗപ്പള്ളിയിൽ എബിസി പദ്ധതി
1226375
Friday, September 30, 2022 11:16 PM IST
കരുനാഗപ്പള്ളി :നിയോജക മണ്ഡലത്തിൽ 20ന് മുൻപായി തെരുവ് നായ്ക്കളെ വന്ധ്യങ്കരണത്തിന് വിധേയമാക്കുന്ന എബിസി പദ്ധതി ആരംഭിക്കുന്നതിനു തീരുമാനിച്ചു. സി. ആർ. മഹേഷ് എം എൽഎ വിളിച്ചു ചേർത്തഓച്ചിറ ബ്ലോക്ക് പ്രസിഡന്റിന്റെയും കരുനാഗപ്പള്ളി മുനിസിപ്പൽ അധികൃതർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും, സെക്രട്ടറിമാരുടെയും, മൃഗ സംരക്ഷണ ഓഫീസർമാരുടെയും യോഗത്തിലാണ് അടിയന്തിമായി തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്.
കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലും, ഓച്ചിറ, ക്ലാപ്പന, തൊടിയൂർ, തഴവ, കുലശേഖരപുരം, ആലപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളിലും താത്കാലിക ഓപ്പറേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തി എബിസി പദ്ധതി ആരംഭിക്കാനാണ് തീരുമാനം. നിയോജക മണ്ഡലത്തിൽ സ്ഥിരം എ ബി സി സെന്റർ ആരംഭിക്കുന്നതിനും തീരുമാനിച്ചു. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബി ശ്രീദേവി, മിനിമോൾ നിസാം, സദാശിവൻ, ബിന്ദുരാമചന്ദ്രൻ, ഉല്ലാസ്, നഗരസഭ മുൻ ചെയർപേഴ്സൺ എം ശോഭന തുടങ്ങിയവർ പങ്കെടുത്തു.