യാത്രക്കാർക്ക് സൂചനകളൊന്നും നൽകാതെ റെയിൽവെ ടൈംടേബിൾ മാറ്റം ഇന്നു മുതൽ
1226364
Friday, September 30, 2022 11:14 PM IST
എസ്.ആർ.സുധീർ കുമാർ
കൊല്ലം: യാത്രികർക്ക് അറിയിപ്പുകൾ ഒന്നും നൽകാതെ റെയിൽവേ ടൈം ടേബിളിൽ ഇന്നു മുതൽ മാറ്റം വരുത്തുന്നു.
റെയിൽവേയുടെ ഔദ്യോഗിക ഓൺലൈൻ ആപ്ലിക്കേഷനായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ ട്രെയിനുകളുടെ സമയക്രമം ഇന്നു മുതൽ മാറ്റങ്ങളോടെ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പോലും യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് അധികൃതർ പറയുന്നത്. എൻടിഇഎസിലെ പുതിയ സമയക്രമവുമായി സ്റ്റേഷനുകളിലെ അന്വേഷണ വിഭാഗത്തെ സമീപിച്ചപ്പോൾ തങ്ങൾക്ക് ഇതുവരെ ഇതു സംബന്ധിച്ച് ഔദ്യോഗികമായി നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടിലെന്ന വിവരമാണ് ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാർ അടക്കമുള്ളവർ പറയുന്നത്.
യാത്രക്കാരുടെ നിരന്തരമായ ആവശ്യങ്ങൾ എല്ലാം അവഗണിച്ചുകൊണ്ടാണ് പുതിയ സമയക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ കേന്ദ്രങ്ങളിൽ ഓഫീസ് സമയം പാലിക്കണമെന്ന യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യം നിലനിൽക്കേ രാവിലെ 5.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ നമ്പർ 16302 വേണാട് എക്സ്പ്രസ് 10 മിനിറ്റ് വൈകി 5.15 ന് പുറപ്പെടുന്ന വിധമാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്.
രാവിലത്തെ ജയന്തി ജനത, വഞ്ചിനാട്, ഇന്റർസിറ്റി എക്സ്പ്രസുകൾ 9.30 ന് മുമ്പ് തിരുവനന്തപുരത്ത് എത്തും വിധം സമയം ക്രമീകരിക്കണമെന്ന ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല. സ്ഥിരം യാത്രക്കാർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിത്. അതുപോലെ തിരുവനന്തപുരത്ത് നിന്ന് രാവിലെ കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന പരശുറാം, ശബരി എക്സ്പ്രസ് എന്നിവയുടെ സമയവും ഓഫീസിലും മറ്റും പോകുന്നവർക്ക് അനുയോജ്യമായി മാറ്റം വരുത്തണമെന്ന ആവശ്യവും ഇപ്പോഴും റെയിൽവേ അവഗണിച്ചിരിക്കയാണ്.
16792 പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്പ്രസ് ഇന്നുമുതൽ എറണാകുളം ടൗണിൽ നിന്ന് 10 മിനിറ്റ് നേരത്തെ 06.40 ന് പുറപ്പെടും. ഇതുവരെ പാലരുവി എറണാകുളത്തെ ഐ റ്റി മേഖലയിലെയും മറ്റു സ്വകാര്യ കമ്പനയിലെയും ജീവനക്കാർക്ക് ഏറ്റവും അനുയോജ്യമായ സമയമായിരുന്നു.
അതുപോലെ എറണാകുളം ടൗണിൽ നിന്ന് രാത്രി എട്ടിന് പുറപ്പെട്ടിരുന്ന നിലമ്പൂർ- കോട്ടയം എക്സ്പ്രസ് ഇന്ന് മുതൽ 07.45 നാണ് പുറപ്പെടുക. നിലവിലെ സമയമായ എട്ടിന് പോലും പലർക്കും എത്തിച്ചേരാൻ കഴിയുന്നില്ലെന്ന പരാതി നിലനിൽക്കുമ്പോളാണ് ഇരുട്ടടി പോലെ പുതിയ സമയക്രമം ഇറങ്ങിയത്. ബ്രോഡ് വേയിലെയും മറ്റു കച്ചവട സ്ഥാപനങ്ങളിലും ദിവസവേതനത്തിന് പണിയെടുക്കുന്ന സാധാരണക്കാരുടെ ആശ്രയമാണ് ഇതോടെ ഇല്ലാതായത്.
പഴയ ടൈം ടേബിളിൽ നിലനിന്നിരുന്ന അപാകതകൾ പരിഹരിക്കാതെയാണ് പുതിയ സമയക്രമം പുറത്തിറങ്ങുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടി. വൈകുന്നേരം നാലോടെ കോഴിക്കോട് എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 16650 പരശുറാം എക്സ്പ്രസിന്റെ ഒരു മണിക്കൂർ നീണ്ട കാത്തുകിടപ്പ് പുതിയ സമയക്രമത്തിൽ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും ഇതോടെ അസ്തമിച്ചു.
കോവിഡിന് ശേഷം റെയിൽവേയുടെ നയങ്ങളും സമയക്രമങ്ങളും സീസൺ ടിക്കറ്റുകാരെ നിരുത്സാഹാപ്പെടുത്തുന്ന തരത്തിലാണ്. മഹാമാരിയിൽ സാമ്പത്തിക ഭദ്രത നഷ്ടപെട്ട ജനതയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയിൽവേ ഒരു കൈത്താങ്ങായി മാറുന്നതിന് പകരം ലാഭത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധപതിപ്പിക്കുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
ജില്ലകൾ താണ്ടി ജോലിക്ക് പോകുന്ന പലരും എന്നും വീടണയാൻ കാരണം തന്നെ റെയിൽവേയാണ്. അവരുടെ സാമ്പത്തിക അടിത്തറ തന്നെ സീസൺ ടിക്കറ്റാണ്. പക്ഷേ ഇപ്പോൾ അനുവദിച്ച മെമു ട്രെയിനുകളുടെയും പുതുതായി പരിഷ്കരിച്ച ട്രെയിനുകളുടെ സമയക്രമങ്ങളിലും യാത്രക്കാർ കടുത്ത നിരാശയിലാണ്.
ഏതൊക്കെ ട്രെയിനുകളുടെ സമയം മാറിയതെന്നറിയാതെ യാത്രക്കാർ ഇരുട്ടിൽ തപ്പുകയാണ്. കേരളത്തെ പ്രതിനിധീകരിച്ച് രാജ്യസഭാ എംപി മാരടക്കം മുപ്പതിലേറെ ജനപ്രതിനിധികൾ ഉണ്ടെങ്കിലും യാത്രക്കാരുടെ പ്രശ്നത്തിൽ ഇടപെടാനും ആവശ്യങ്ങൾ ഉന്നയിച്ച് സംസാരിക്കാനും കുറച്ചുപേര് മാത്രമേ മുന്നോട്ടു വരുന്നുള്ളു.
നിവേദനം കൊടുക്കാൻ പോലും അവസരം നൽകാതെ ഒറ്റരാത്രി കൊണ്ടാണ് പലതും റെയിൽവേ ഇപ്പോൾ യാത്രക്കാരിൽ അടിച്ചേൽപ്പിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ എംപി മാരുടെ കൂട്ടായ ശബ്ദം ഉയരണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.