ഗാന്ധിജയന്തി പ്രവർത്തി ദിനമാക്കിയ ഉത്തരവ് പിൻവലിക്കണം: കെസിവൈഎം മുഖ്യമന്ത്രിക്ക് കത്തയച്ചു
1226064
Thursday, September 29, 2022 11:24 PM IST
കൊല്ലം: പൊതുഅവധിയായ ഗാന്ധിജയന്തി ദിനം സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും പ്രവർത്തിദിനമാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം കൊല്ലം രൂപത മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഗാന്ധിജയന്തി ദിനം ഇത്തവണ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. എന്നാൽ അന്നേ ദിവസം പ്രവർത്തിദിനമാക്കുമ്പോൾ ക്രൈസ്തവവിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യത്തിന് അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും, ക്രൈസ്തവരെ സംബന്ധിച്ച് പ്രധാനപെട്ട ദിവസമായതിനാൽ അന്ന് പ്രവർത്തി ദിവസമാക്കുന്നത് ക്രൈസ്തവവിശ്വാസികളെ അപഹസിക്കുന്നതിനു തുല്യമാണെന്നും കത്തിൽ പരാമർശിച്ചു. ഗാന്ധിജയന്തി ദിനത്തിൽ മുൻകൂട്ടി നിശ്ചയിച്ച സേവന പരിപാടികൾ ഉൾപ്പടെ നടത്താൻ പറ്റാത്ത സാഹചര്യം ഈ പുതിയ തീരുമാനം സൃഷ്ടിക്കുമെന്നും അതിനാൽ പ്രസ്തുത തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറാവണമെന്നും കെസിവൈഎം രൂപതാ ആവശ്യപ്പെട്ടു
കെസിവൈഎം രൂപതാ ആസ്ഥാനത്ത് നടന്ന പ്രതിഷേധയോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. യോഗത്തിൽ രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ, ഡയറക്ടർ ഫാ ബിന്നി മാനുവൽ, ആനിമേറ്റർ മേരി രജനി, ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിൻ ഡേവിഡ്, എഡ്വേർഡ് രാജു, മാനുവൽ, മരിയ, അമൽ, ബ്രൂട്ടസ്, എലിസബത്ത്, ജിജി മോൾ, ട്രഷറർ അലക്സ്, സെനറ്റ് മെമ്പർമാരായ പ്രബുൽ, വിജിത, ബിഷപ് നോമിനിമാരായ ആഷ്ലിൻ, ഷീനു എന്നിവർ പ്രസംഗിച്ചു.