സീനിയർ വനിതാ ഫുട്ബോൾ; സംസ്ഥാന ടീമിൽ ബങ്കളത്തിന് അഞ്ചിതൾ തിളക്കം
1458105
Tuesday, October 1, 2024 7:56 AM IST
നീലേശ്വരം: സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ അഞ്ചംഗങ്ങൾ ബങ്കളത്തുനിന്ന്. ഒരേ നാട്ടിൽ ഒരേ പരിശീലനകേന്ദ്രത്തിൽ നിന്ന് അഞ്ചുപേർ ഒരുമിച്ച് സംസ്ഥാന ടീമിൽ ഇടംപിടിക്കുന്നത് മിക്കവാറും ചരിത്രത്തിലാദ്യമായിട്ടാകും.
ടീം ക്യാപ്റ്റനും അറ്റാക്കിംഗ് മിഡ് ഫീൽഡറുമായ പി. മാളവിക, ഗോൾകീപ്പർ എം. രേഷ്മ, പ്രതിരോധനിരയിലെ എം. അഞ്ജിത, പി. അശ്വതി, എസ്. ആര്യശ്രീ എന്നിവരാണ് സംസ്ഥാന ടീമിൽ ഒരുമിച്ചെത്തിയത്. ബങ്കളം വിമൺസ് ഫുട്ബോൾ ക്ലിനിക്കിൽ നിധീഷ് ബങ്കളത്തിനു കീഴിലാണ് അഞ്ചുപേരും പരിശീലനം നേടിയത്. പാലക്കാട് വടക്കാഞ്ചേരിയിലാണ് ഇത്തവണ ദേശീയ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്. ഈ മാസം അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം ഹിമാചൽ പ്രദേശിനെ നേരിടും. ഗോവയും തമിഴ്നാടുമാണ് കേരളത്തോടൊപ്പം എ ഗ്രൂപ്പിലുള്ള മറ്റു രണ്ട് ടീമുകൾ.