പുലിഭീതി: മുളിയാറിൽ ടൈഗർ ട്രാപ് കാമറകൾ സ്ഥാപിച്ചു
1452050
Tuesday, September 10, 2024 1:46 AM IST
ഇരിയണ്ണി: മുളിയാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം പതിവായതിനു പിന്നാലെ വനംവകുപ്പ് കാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പുലിയെ കണ്ട കുണിയേരി, മിന്നംകുളം, പായം ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിലാണ് മുംബൈയിൽ നിന്നെത്തിച്ച അത്യാധുനിക ടൈഗർ ട്രാപ് കാമറകൾ സ്ഥാപിച്ചത്. കാമറയ്ക്കു മുന്നിലൂടെ ഏത് ജീവി കടന്നുപോയാലും അതിന്റെ ദൃശ്യം തനിയേ പകർത്തുന്ന രീതിയിലുള്ള കാമറകളാണ് ഇവ. രാത്രിയിലും ദൃശ്യങ്ങൾ പകർത്താൻ കഴിയും. ഓരോ കാമറയിലും പതിയുന്ന ചിത്രങ്ങൾ എല്ലാ ദിവസവും പരിശോധിക്കാൻ അതതിടങ്ങളിലെ വനംവകുപ്പ് ജീവനക്കാരെ ചുമതലപ്പെടുത്തി.
പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും നാട്ടുകാർ പുലിയെ കണ്ടതിനു പിന്നാലെ നേരത്തേ വനംവകുപ്പ് കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയിലൊന്നും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല. ശേഷി കുറഞ്ഞ സാധാരണ കാമറകളായതുകൊണ്ടാണ് ദൃശ്യങ്ങൾ ലഭിക്കാതിരുന്നതെന്ന ആക്ഷേപം നാട്ടുകാർ ഉയർത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കുണിയേരിയിൽ ഒരു വീടിനു തൊട്ടടുത്തുവച്ച് പുലി തെരുവുപട്ടിയെ പിടികൂടിയിരുന്നു. ഒരാഴ്ച മുമ്പ് പായത്ത് രാത്രി ഒമ്പതുമണിയോടെ അയൽവീട്ടിൽ പോയി മടങ്ങുകയായിരുന്ന 14 കാരനോടൊപ്പമുണ്ടായിരുന്ന വളർത്തുപട്ടിയെ ആക്രമിച്ച് പരിക്കേല്പിച്ചു. രാവിലെ ട്യൂഷൻ ക്ലാസെടുക്കാൻ പോവുകയായിരുന്ന അധ്യാപികയ്ക്കു മുന്നിലൂടെയും കുട്ടിയെ സ്കൂളിൽ വിട്ട് മടങ്ങുകയായിരുന്ന യുവതിക്കു മുന്നിലൂടെയും പുലി ചാടി മറഞ്ഞിരുന്നു. ചീരംകോട് എന്ന സ്ഥലത്ത് ഒരു പശുക്കിടാവിനെ കടിച്ചുകൊന്നു.
പഞ്ചായത്തിലെ റോഡുകളിലൂടെ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ സഞ്ചരിച്ച നിരവധി പേർ പുലിയെ നേരിട്ടു കണ്ടിട്ടുണ്ട്. ഒന്നിലേറെ പുലികളെ ഒരേസമയത്തു കണ്ട സംഭവങ്ങളും ഉണ്ടായിരുന്നു.
ഇതിനിടയിൽ തൊട്ടടുത്ത ദേലംപാടി പഞ്ചായത്തിൽ കാട്ടുപന്നിയെ പിടിക്കാനായി വച്ച കെണിയിൽ കുടുങ്ങി ചത്തത് മുളിയാറിലെത്തിയ പുലി തന്നെയാണെന്ന സംശയമുണ്ടായിരുന്നെങ്കിലും ഇവിടെ പുലിയുടെ ആക്രമണങ്ങൾ ആവർത്തിച്ചതോടെ അത് മാറി.
ഏറെ വൈകിയാണെങ്കിലും പുലിയുടെ സാന്നിധ്യം വനംവകുപ്പ് തന്നെ സ്ഥിരീകരിച്ചതോടെ അടിയന്തിര സാഹചര്യങ്ങളിൽ മാർഗനിർദേശം നല്കുന്നതിനായി നാഷണൽ ടൈഗർ കൺസർവേഷൻ ആക്ടിലെ വ്യവസ്ഥകൾ പരകാരമുള്ള ജനകീയ കമ്മിറ്റിയും മുളിയാറിൽ രൂപീകരിക്കും
. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷ്റഫ് ചെയർമാനായ കമ്മിറ്റിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, സാമൂഹ്യ വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ ഷജ്ന കരീം, വനംവകുപ്പ് വെറ്ററിനറി സർജൻ, മൃഗസംരക്ഷണവകുപ്പ് വെറ്ററിനറി സർജൻ എന്നിവരെയും രണ്ട് സാമൂഹ്യ സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തും.
കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ സ്ഥിരീകരിച്ചാൽ ഉടൻതന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വാങ്ങി അതിനെ കൂടുവച്ച് പിടികൂടുന്നതിനുള്ള നടപടികൾ തുടങ്ങുമെന്ന് ഡിഎഫ്ഒ കെ. അഷ്റഫ് അറിയിച്ചു. അടിയന്തിരഘട്ടങ്ങളിൽ കാസർഗോട്ടേക്ക് കൊണ്ടുവരുന്നതിനായുള്ള പുലിക്കൂട് വനംവകുപ്പിന്റെ നിർദേശപ്രകാരം വയനാട്ടിൽ തയ്യാറായി വരികയാണെന്നും അദ്ദേഹം അറിയിച്ചു.