വലിയപറമ്പിലെ തീരദേശ ഹൈവേയുടെ തടസം നീങ്ങുന്നു
1444404
Tuesday, August 13, 2024 1:48 AM IST
വലിയപറമ്പ്: തീരദേശ ഹൈവേ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നുള്ള വലിയപറമ്പ് തെക്കൻ മേഖലയിലുള്ളവരുടെ ആവശ്യം പരിഗണിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ തൃക്കരിപ്പൂർ കടപ്പുറം, കന്നുവീട് കടപ്പുറം, ഉദിനൂർ കടപ്പുറം ഭാഗങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സ്ഥലപരിശോധന നടത്തി.
മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വീടുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ മാറ്റം വരുത്താൻ ശ്രമിക്കണമെന്ന ആവശ്യം വലിയപറമ്പിൽ കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിൽ നാട്ടുകാർ ഉന്നയിച്ചതിനെ തുടർന്നാണ് എം.രാജഗോപാലൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വലിയപറമ്പിൽ സ്ഥല പരിശോധന നടത്തിയത്.
അലൈൻമെന്റിൽ വലിയപറമ്പ് പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള നിരവധി കുടുംബങ്ങളുടെയും ആരാധനാലയങ്ങളുടെയും പ്രശ്നങ്ങൾ അധികൃതർ കണ്ടറിഞ്ഞു. എംഎൽഎയും റോഡ് ഫണ്ട് ബോർഡിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും സംയുക്ത സ്ഥല പരിശോധനയിൽ പങ്കെടുത്തു.
നാലാം വാർഡിന്റെ തെക്കൻ അതിർത്തി മുതൽ അഞ്ചാം വാർഡിന്റെ അതിരായ ഉദിനൂർ കടപ്പുറം വരെ മൂന്നര കിലോമീറ്റർ ദൂരം കായലോരവും കടലോരവും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധന നടത്തി.
റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർ കെ.പി.വിനോദ് കുമാർ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ.ജയദീപ്, പ്രൊജക്ട് എൻജിനിയർ എൻ.ആര്യ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.മനോഹരൻ, പഞ്ചായത്തംഗം സി.ദേവരാജൻ, സി.നാരായണൻ, കെ.പി.ബാലൻ, സി.പ്രഭാകരൻ, സി.രാജൻ,കെ.പി.സതീശൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥല പരിശോധന നടത്തിയത്. ഇന്നു രാവിലെ കൺസൾട്ടൻസി എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം അഞ്ചാം വാർഡിൽ പരിശോധനയ്ക്കെത്തും. തുടർന്ന് അലൈൻമെന്റ് അന്തിമമാക്കി എസ്റ്റിമേറ്റ് തയാറാക്കാനാണ് തീരുമാനം.