കാഞ്ഞങ്ങാട് ബിഎസ്എൻഎല്ലിന്റെ സ്ഥലത്തുനിന്ന് 15 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു
1441949
Sunday, August 4, 2024 7:29 AM IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി പാതയോരത്തെ ബിഎസ്എൻഎല്ലിന്റെ സ്ഥലത്തുനിന്ന് 15 ലക്ഷത്തിലധികം രൂപയുടെ സാധനസാമഗ്രികൾ കവർന്നു.
മതിൽ കെട്ടിത്തിരിച്ച സ്ഥലത്ത് അതിക്രമിച്ചു കടന്ന് അകത്തെ ചെറിയ സ്റ്റോർ റൂം കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. കേബിളുകളും ആർആർഎച്ച് ബോക്സുകളുമാണ് നഷ്ടമായതെന്ന് മൊബൈൽ വിഭാഗം സബ് ഡിവിഷണൽ എൻജിനിയർ ടി.ഷനീദ് ഹൊസ്ദുർഗ് പോലീസിൽ നല്കിയ പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ മാസം 27നും 30നുമിടയിലാണ് കവർച്ച നടന്നതെന്നാണ് അനുമാനം. രാത്രിയിലെ കനത്ത മഴയ്ക്കിടയിൽ ആരും ശ്രദ്ധിക്കാത്ത സമയത്ത് പാതയോരത്ത് വാഹനം നിർത്തിയാണ് സാധനങ്ങൾ കടത്തിയതെന്ന് കരുതുന്നു.
നീലേശ്വരത്ത് തറവാട് ഭണ്ഡാരം തകർത്ത് പണം കവർന്നു
നീലേശ്വരം: കിഴക്കൻ കൊഴുവൽ മയിലിട്ട തറവാടിന്റെ ഭണ്ഡാരം തകർത്ത് പണം കവർന്നു.
ആൾതാമസമില്ലാത്തതറവാടു വീടിന്റെ പുറത്തെ മൂന്നു പൂട്ടുകൾ തകർത്താണ് കവർച്ചക്കാർ അകത്തുകടന്നത്. ഭണ്ഡാരം തകർക്കപ്പെട്ട നിലയിലാണ്. അകത്ത് എത്ര തുകയാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. എസ്ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.