മരണക്കയങ്ങളായി ചെങ്കൽ ക്വാറികൾ
1430090
Wednesday, June 19, 2024 1:51 AM IST
ചീമേനി: മരണത്തിലേക്ക് ക്ഷണിച്ച് ഇടനാടൻ മേഖലയിലെ ചെങ്കൽ ക്വാറികൾ. കല്ല് വെട്ടിക്കൊണ്ടിരിക്കുന്നവയും ഉപേക്ഷിച്ചവയും മഴ തുടങ്ങിയാൽ വെള്ളം നിറഞ്ഞ് അപകട ഭീതിയുണ്ടാക്കുന്നവയാണ്. ഇവക്കൊന്നും ജിയോളജി വകുപ്പിന്റെ അനുമതിയില്ല. ചീമേനി കനിയന്തോലിൽ ചെങ്കൽ ക്വാറി പരിസരത്ത് കളിക്കുന്നതിനിടയിലാണ് ഇരട്ട സഹോദരങ്ങളായ സുദേവും ശ്രീദേവും കാൽ തെറ്റി ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചത്. സംഭവം വീട്ടുകാരുടെയും പ്രദേശത്തുള്ളവരുടെയും ശ്രദ്ധയിലെത്തിയപ്പോൾ വൈകിയിരുന്നു.
മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് 1.30ഓടെയാണ് നാട്ടിലെത്തിച്ചത്. അലമുറയിടുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ നാട്ടുകാർക്കും ജനപ്രതിനിധികൾക്കും വാക്കുകളുണ്ടായില്ല.
ദുരന്ത വിവരമറിഞ്ഞ് അബുദാബിയിൽ ജോലി ചെയ്തു വരുന്ന ഇവരുടെ അച്ഛൻ രാധാകൃഷ്ണൻ ഇന്നലെ രാവിലെ മംഗളുരു വിമാനതാവളം വഴി നാട്ടിലെത്തിയിരുന്നു.