ചെളിക്കുളമെന്നുവച്ചാൽ ഇതാണ്!
1424024
Tuesday, May 21, 2024 7:47 AM IST
നീലേശ്വരം: പല സ്ഥലങ്ങളിലും ടാറിംഗ് ഇളകിയ റോഡുകൾ വേനൽമഴ പെയ്തപ്പോൾ ചെളിക്കുളമായി എന്നു പറയുന്നവർ നീലേശ്വരത്തെ താത്കാലിക ബസ് സ്റ്റാൻഡിൽ ഒന്നു വരണം. ശരിക്കുള്ള ചെളിക്കുളം എന്താണെന്ന് മനസ്സിലാകും. ചതുപ്പുനിലം മണ്ണിട്ടുനികത്തിയുണ്ടാക്കിയ ബസ് സ്റ്റാൻഡ് യാർഡിൽ ആദ്യമഴയിൽ തന്നെ ചെമ്മണ്ണും വെള്ളവും കൂടിക്കുഴഞ്ഞ് പഴം കുഴച്ചതുപോലെയായി കിടക്കുകയാണ്. ഇതിനു മുകളിലൂടെയാണ് ബസുകൾ വരുന്നതും പോകുന്നതും യാത്രക്കാരെ ഇറക്കുന്നതുമെല്ലാം. വേനൽമഴയ്ക്കുതന്നെ ഇങ്ങനെയാണെങ്കിൽ ശരിക്കുള്ള മഴക്കാലം തുടങ്ങിയാൽ എന്താകുമെന്നാണ് എല്ലാവരുടെയും ആശങ്ക.
ബസുകളിൽ നിന്ന് ഇറങ്ങുമ്പോഴും കയറാൻ പോകുമ്പോഴും യാത്രക്കാരുടെ ശ്രദ്ധയൊന്ന് തെറ്റിപ്പോയാൽ ചെളിയിൽ കാൽവഴുതി വീഴുമെന്ന അവസ്ഥയാണ്. പ്രായമായവർ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും. ഇവിടെ നിർമിച്ച താത്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇരിക്കാനും നില്ക്കാനുമാവാത്ത വിധം ചെളിയും വെള്ളവുമായി.
മഴ പെയ്യുമ്പോൾ ബസ് സ്റ്റാൻഡ് യാർഡിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ പോലും സംവിധാനമൊരുക്കിയിട്ടില്ല. ഇവിടെ ഇന്റർലോക്ക് കട്ടകൾ സ്ഥാപിച്ചെങ്കിലും പ്രശ്നത്തിന് താത്കാലിക പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും ബസുകാരുടെയും ആവശ്യം.