കടലിലും കൊടുംചൂട്; മീനുകൾ കുറയുന്നു
1415455
Wednesday, April 10, 2024 1:41 AM IST
ബേക്കൽ: കൊടുംചൂടിന്റെ അനന്തരഫലങ്ങൾ കാർഷികമേഖലയ്ക്കൊപ്പം മത്സ്യസമ്പത്തിനെയും ബാധിക്കുന്നു. കടലിലും ചൂട് കൂടിയതോടെ മീനുകൾ കൂടുതലും ആഴക്കടലിലേക്ക് നീങ്ങുകയാണ്. മത്തിയും അയലയുമടക്കമുള്ള പരമ്പരാഗത മീനുകൾ നന്നേ കുറഞ്ഞു. യന്ത്രവത്കൃത ബോട്ടുകളിലും വള്ളങ്ങളിലും പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നതിലേറെയും ചെറുമീനുകൾ മാത്രമാണ്. പുറംകടലിൽ ദിവസങ്ങളോളം തങ്ങി മീൻപിടിത്തം നടത്തുന്ന വൻകിട ട്രോളിംഗ് ബോട്ടുകൾക്കു മാത്രമാണ് കാര്യമായി എന്തെങ്കിലും തടയുന്നത്.
മത്സ്യവരവ് തീരെ കുറവായതോടെ ചെറുകിട വള്ളങ്ങൾ പലതും കരയ്ക്ക് കയറ്റിയിട്ട നിലയിലാണ്. തൃക്കണ്ണാടുനിന്ന് ഞായറാഴ്ച കടലിൽ പോയ പത്തോളം തോണിക്കാർക്ക് ചെറുമീനുകൾ മാത്രമാണ് കിട്ടിയത്. പള്ളിക്കര, ബേക്കൽ, കോട്ടിക്കുളം, കീഴൂർ പ്രദേശങ്ങളിലായി 400 ഓളം തോണികളുള്ളതിൽ വളരെ കുറച്ചെണ്ണം മാത്രമാണ് ഇപ്പോൾ കടലിൽ പോകുന്നത്. തൊഴിലാളികൾക്ക് കൂലി കൊടുക്കാനുള്ള വരുമാനം പോലും കിട്ടാതിരുന്നാൽ പിന്നെന്തുചെയ്യുമെന്ന് ഉടമകൾ ചോദിക്കുന്നു.
നാല് തൊഴിലാളികളുമായി ഒരു തോണി കടലിൽ പോയി വരുമ്പോൾ ഇന്ധനമടക്കം 1500 രൂപയോളം ചെലവുണ്ട്. ആകെ അര ബക്കറ്റ് മീനാണ് മിക്കപ്പോഴും കിട്ടുന്നത്. അതിന് 2000 രൂപ പോലും തികച്ചുകിട്ടില്ലെന്ന നിലയാണ്.
കടലിൽ പോകുന്നത് കുറഞ്ഞതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള പുരുഷന്മാർ പലരും നിർമാണത്തൊഴിലിനും പെയിന്റിംഗ് ജോലികൾക്കുമടക്കം പോയിത്തുടങ്ങി. മീൻ വില്പന നടത്തുന്ന സ്ത്രീ തൊഴിലാളികളാകട്ടെ ഇപ്പോൾ വില്ക്കുന്നതിലേറെയും പുറംനാടുകളിൽ നിന്നും ലോറിയിലെത്തുന്ന മീനുകളാണ്.
മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം സ്ഥിരമായി അടയ്ക്കുന്നവർക്ക് വർഷത്തിലൊരിക്കൽ 1350 രൂപ സമാശ്വാസധനം നല്കുന്ന തണൽ പദ്ധതി നിലവിലുണ്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അതും കിട്ടാതായെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.