മൂന്നാംകടവ് പദ്ധതി: പ്രദേശവാസികളുമായി ചർച്ച നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം
1395440
Sunday, February 25, 2024 7:17 AM IST
കാസർഗോഡ്: മൂന്നാംകടവില്‍ ചെറു അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി പ്രദേശവാസികളുമായി ചർച്ചകൾ നടത്തണമെന്ന് ജില്ലാ വികസനസമിതി യോഗം. ഇതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചു.
പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും സർവേ പൂര്‍ത്തിയായതിനു ശേഷം മാത്രമേ ചെറു ഡാം ആണോ ചെക്ക് ഡാം ആണോ നിര്‍മിക്കാന്‍ സാധിക്കുക എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. നിലവില്‍ സര്‍വേയുടെ 50 ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്നും സര്‍വേ തുടരുന്നതിന് പ്രദേശവാസികള്‍ തടസം നില്‍ക്കരുതെന്നും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
രാമങ്കയം പദ്ധതിയില്‍ വെള്ളം ലഭിക്കാത്ത ഉപഭോക്താക്കൾക്ക് ജല അഥോറിറ്റിയുടെ ബില്ല് വരുന്ന പ്രശ്നം അന്വേഷിച്ച് പരിഹാരം കാണണമെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ആവശ്യപ്പെട്ടു.
മാണിമൂല എസ്ടി കോളനിയില്‍ അടിയന്തിരമായി കുടിവെള്ള സൗകര്യം ലഭ്യമാക്കണമെന്നും കുടിവെള്ളം ലഭ്യമാക്കാൻ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കയ്യൂര്‍ ചീമേനി പഞ്ചായത്തിലും പൈപ്പ് ലൈന്‍ സ്ഥാപിച്ചെങ്കിലും വെള്ളം ലഭിക്കാത്ത വീടുകളില്‍ ബില്ല് വന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ജല അഥോറിറ്റി എക്സി. എൻജിനീയർ അറിയിച്ചു. ജില്ലയില്‍ ആകെ 246 പരാതികള്‍ ഈ ഇനത്തില്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ 167 എണ്ണം പരിഹരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവ ഈ മാസം 29 ന് മുമ്പ് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്മകജെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളജിലേക്കും അട്ക്കസ്ഥലയിലെ ജലസംഭരണിയില്‍ നിന്നുള്ള ജലവിതരണ സംവിധാനം കാര്യക്ഷമമാക്കണമെന്ന് എ.കെ.എം. അഷറഫ് എംഎല്‍എ ആവശ്യപ്പെട്ടു. നിലവില്‍ രണ്ട് ഷിഫ്റ്റ് പമ്പിംഗ് നടത്തുന്ന ഈ പദ്ധതിയില്‍ വേനല്‍ക്കാലത്ത് ശുദ്ധജല വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഒരു അധിക ഷിഫ്റ്റ് കൂടി ഏർപ്പെടുത്തുന്നുണ്ടെന്ന് ജല അഥോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ജാഗ്രത വേണം
ജില്ലയിൽ വനമേഖലയോട് ചേര്‍ന്ന ജനവാസമേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നുണ്ടെന്നും വിഷയം കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ഇ. ചന്ദ്രശേഖരന് എംഎല്‍എ യോഗത്തിൽ ആവശ്യപ്പെട്ടു.
വന്യമൃഗശല്യം കൂടുതലായ പ്രദേശങ്ങളിൽ സൗരോർജവേലികൾ സ്ഥാപിക്കണം. കാട്ടിനകത്തുതന്നെ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും എംഎല്‍എ പറഞ്ഞു.
പഴയ കമ്പികൾ മാറ്റി
കെഎസ്ഇബി രാജപുരം സെക്ഷനു കീഴിലെ കൊട്ടോടി ട്രാന്‍സ്ഫോമറില്‍ നിന്നും ചീമുള്ള് ഭാഗത്തേക്കുള്ള പഴക്കം ചെന്ന വൈദ്യുത കമ്പികള്‍ മാറ്റുകയും മൂന്ന് തൂണുകള്‍ പുതിയതായി സ്ഥാപിക്കുകയും അപകടാവസ്ഥ മാറ്റിയിട്ടുമുണ്ടെന്ന് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ യോഗത്തിൽ അറിയിച്ചു.
പുരോഗതി അവലോകനം ചെയ്തു
ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി മുന്‍ഗണനാ പദ്ധതികളുടെ ജില്ലയിലെ പുരോഗതി അവലോകനം ചെയ്തു.
ജലജീവന്‍ മിഷന്, മലയോര ഹൈവേ, തീരദേശഹൈവേ, ഉള്‍നാടന്‍ ജലഗതാഗതം, സ്മാര്‍ട്ട് അങ്കണവാടി, കേരള ട്രൈബല്‍ പ്ലസ്, ടേക്ക് എ ബ്രേക്ക്, സീവേജ് ആന്റ് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്‍, ഖരമാലിന്യ പരിപാലനം, അതിദാരിദ്ര്യ ലഘൂകരണം, കേരള നോളജ് ഇക്കണോമി മിഷന് എന്നീ പദ്ധതികളാണ് അവലോകനം ചെയ്തത്.
ഡിസി കണക്ടിന്റെ ഭാഗമായി നടത്തുന്ന ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര പരിപാടിയില്‍ നിന്നും വിവിധ വകുപ്പുകള്‍ക്ക് ലഭിക്കുന്ന പരാതികള്‍ക്ക് ക്യത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കണമെന്ന് കളക്ടര്‍ വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാരോട് നിര്‍ദേശിച്ചു.
അതത് വകുപ്പുകളുടെ പരിഗണനയില്‍ ഉൾപ്പെടാത്ത വിഷയങ്ങള്‍ ചുമതലപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചു നല്‍കണമെന്നും പരാതികൾ സമയബന്ധിതമായി തന്നെ തീര്‍പ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അസി. കളക്ടര്‍ ദിലീപ് കൈനിക്കര, എഡിഎം കെ.വി. ശ്രുതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി. രാജ് എന്നിവരും പങ്കെടുത്തു.