റവന്യു ജില്ലാ കലോത്സവം: ഹൊസ്ദുര്‍ഗ്, ദുര്‍ഗ മുന്നില്‍
1376236
Wednesday, December 6, 2023 8:12 AM IST
കാറഡുക്ക: 62-ാമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് കാറഡുക്ക ജിവിഎച്ച്എസ്എസില്‍ വര്‍ണാഭമായ തുടക്കം. ആദ്യദിനത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 138 പോയിന്റുമായി ഹൊസ്ദുര്‍ഗ് ഉപജില്ലയാണ് മുമ്പില്‍. കാസര്‍ഗോഡ് (133) രണ്ടാം സ്ഥാനത്തും ചിറ്റാരിക്കാല്‍ (131) മൂന്നാംസ്ഥാനത്തുമാണുള്ളത്. കുമ്പള (130) നാലും ചെറുവത്തൂര്‍ (122) അഞ്ചും സ്ഥാനത്തുണ്ട്. സ്കൂളുകളില്‍ 47 പോയിന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസാണ് മുന്നില്‍. പൈവളിഗെ നഗര്‍ ജിഎച്ച്എസ്എസ് (38) രണ്ടും ചായ്യോത്ത് ജിഎച്ച്എസ്എസ് (35) മൂന്നും സ്ഥാനത്താണുള്ളത്. ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസ് (30) നാലും ചെമ്മനാട് സിജെഎച്ച്എസ്എസ് (28) അഞ്ചും സ്ഥാനത്തുണ്ട്.
ഇന്നലെ രാവിലെ ഡിഡിഇ എന്‍. നന്ദികേശന് പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്. സ്റ്റേജിതര മത്സരങ്ങള്‍ ഇന്നു സമാപിക്കും. നാളെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും. വൈകുന്നേരം നാലിന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; ബാന്‍ഡില്‍ ഗംഭീരതിരിച്ചുവരവുമായി തോമാപുരം സ്കൂള്‍
ഇമ്പമാര്‍ന്ന താളമേളങ്ങളും ചടുലമാര്‍ന്ന ചുവടുകളുമായി ബാന്‍ഡ് മേളത്തില്‍ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ കുട്ടികള്‍ ഒരേ മനസോടെ അണിനിരന്നപ്പോള്‍ കാണികള്‍ക്ക് ലഭിച്ചത് ഗംഭീര സംഗീതവിരുന്ന്. ട്രംപറ്റും ഇഫോണിയവും സൈഡ് ഡ്രമ്മും ബാസ് ഡ്രമ്മും ട്രിപ്പിള്‍ ഡ്രമ്മും സിബലും ഒക്കെയായി ബാന്‍ഡ് മേളത്തില്‍ തോമാപുരത്തെ കുട്ടികള്‍ കലോത്സവവേദിയെ കൊട്ടിപ്പാടിയുണര്ത്തി.

കഴിഞ്ഞ 12 വര്‍ഷം തുടര്‍ച്ചയായി ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ എ ഗ്രേഡും നേടിക്കൊണ്ടിരുന്ന ടീമായിരുന്നു തോമാപുരം. കോവിഡിനെതുടര്‍ന്ന് രണ്ടുവര്‍ഷം പരിശീലനം മുടങ്ങിയതോടെ കഴിഞ്ഞവര്‍ഷം ചായ്യോത്ത് നടന്ന കലോത്സവത്തില്‍ തോമാപുരം സ്കൂള്‍ പങ്കെടുത്തിരുന്നില്ല.
ഇത്തവണ ടീമിനെയൊരുക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. ഒന്നാമത് പരിശീലകനായ അധ്യാപകന് ടി.എസ്.ജോസ് ഈ വര്‍ഷം സര്‍വീസില്‍നിന്നു വിരമിച്ചിരുന്നു. മാത്രമല്ല മുന്‍വര്‍ഷങ്ങളില്‍ പങ്കെടുത്ത കുട്ടികളില്‍ പലരും കോഴ്സ് പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. ഇതോടെ പുതിയൊരു ടീമിനെ തന്നെ പരിശീലപ്പിച്ചെടുക്കേണ്ടിവന്നു.
സര്‍വീസില്‍നിന്നു വിരമിച്ചെങ്കിലും ജോസ് മാഷ് ആ വെല്ലുവിളി ഏറ്റെടുത്തു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പരിശീലനത്തിന് സഹായിക്കാന്‍ പൂര്‍വവിദ്യാര്‍ഥികളായ ഫ്രെഡിന് മാത്യു, സഞ്ജ മാത്യു, സച്ചിന് ലൂക്കോസ് എന്നിവരുമെത്തി. ഒരു വര്‍ഷത്തോളം നീണ്ട ചിട്ടയായ പരിശീലനത്തിനൊടുവില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ മികച്ചൊരു ടീമിനെ തന്നെ വാര്‍ത്തെടുത്തു. ഫലം ഇരു വിഭാഗങ്ങളിലും എ ഗ്രേഡോടെ തോമാപുരം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂളില്‍ മാത്രമാണ് തോമാപുരത്തിന് എതിരാളികളുണ്ടായിരുന്നത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ എന്‍.പി.രോഹിത്, മാളവിക അനീഷ്, മരീന ജോസഫ്, ഏബല്‍ ജയിംസ്, നോയല്‍ അഗസ്റ്റിന്, ടോം ആന്റണി സ്കറിയ, അന്ന എലിസബത്ത് വിനോദ്, ഷെര്‍ലിന്‍ ക്ലയര്‍ ജിമ്മി, മാര്ട്ടിന് ജോബി, ബിബിന്‍ ഷിന്‍ജോ, ആന്റണി ബിജു, വി.എ.അശ്വിന്, കെ.വി.വിവേക്, അമല്‍ ബിനോയ്, അനിരുദ്ധ് സനീഷ്, അലന് വര്‍ഗീസ്, ടി.ആര്.കീര്‍ത്തന, ജെസ്ബിന്‍ ബിനു, ടി.ഹരിറാം, അബിന്‍ ലോറന്‍സ് എന്നിവരാണ് ടീമംഗങ്ങള്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിര്‍മല്‍ ജോസ്, ജിയ കാതറിന്, ഷാരോണ്‍ ഷാജി, ഋതിക് കദം, എ.പി.അനന്തു, ഷില്‍ന സുനില്‍, ഫ്രാങ്കോ സുരേഷ്, അനഘ സുധാകരന്, ജോയല്‍ സിബി, മരിയമോള്‍ മാത്യു, സാറ മരിയ ബിബിമോന്‍, അലന് അജി, ആല്ബിന് ഷാജു, ജോസ്ബിന്‍ ജോസഫ്, വിശാല്‍ രാജേഷ്, ടി.ബി. ജെബിന്, സഞ്ജയ് മോഹന്‍, സാന്‍ജോ അനില്‍, ആദര്‍ശ് ഗിരീഷ്, സി.എം.നിഖില്‍ എന്നിരാണ് ടീമംഗങ്ങള്‍.
ഷൈബിൻ ജോസഫ്
കവി, ചിത്രകാരന്... മനാസെ മാസാണ്
കവിതയും ചിത്രമെഴുത്തും ഒരു പോലെ വഴങ്ങുന്ന അപൂര്‍വപ്രതിഭ. അതാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥി മനാസെ കുര്യന്. ജില്ലാ കലോത്സവത്തില്‍ കവിതാരചന മത്സരത്തില്‍ ഒന്നാംസ്ഥാനം മനാസെയ്ക്കാണ്. ""കാത്തുനില്‍ക്കുന്നവരോട് പറയാനുള്ളത്'' എന്നതായിരുന്നു വിഷയം.

ഇത്തവണ ജില്ലാ ശാസ്ത്രമേളയില്‍ ഡിജിറ്റല്‍ പെയിന്റിംഗിലും മനാസെ ഒന്നാംസ്ഥാനം നേടിയിരുന്നു. ശിശുക്ഷേമവകുപ്പ് നടത്തിയ ചിത്രരചന മത്സരം, സ്മാര്‍ട്ട് എനര്‍ജി നടത്തിയ കാര്‍ട്ടൂണ്‍ രചന, പോസ്റ്റര്‍ രചന, ജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം കവിതാരചന തുടങ്ങി നിരവധി മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സൈക്കിളില്‍ നിന്നു വീണ് മൂന്നുമാസത്തോളം കിടപ്പിലായതാണ് മനാസെയുടെ കലാജീവിതത്തില്‍ വഴിത്തിരിവായത്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ധാരാളം വായിക്കുകയും ജലച്ചായത്തില്‍ നിരവധി ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു.
മനാസെ വരച്ച നൂറില്‍പരം ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം കുറ്റിക്കോല്‍ ഗ്രന്ഥാലയം സംഘടിപ്പിച്ചിരുന്നു. ചിത്രങ്ങള്‍ വിറ്റുകിട്ടിയ പണം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായാണ് വിനിയോഗിച്ചത്. ബളാന്തോട് ജിഎച്ച്എസ്എസിലെ അധ്യാപകന് ബിജു ജോസഫിന്റെയും കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപിക കെ.എല്‍. പ്രീതയുടെയും മകനാണ്.
നിറഞ്ഞുകവിഞ്ഞ് കലോത്സവ കലവറ
ജില്ലാ കലോത്സവത്തിന്റെ ഭക്ഷണ കലവറയിലേക്ക് നാടിന്റെ സമസ്ത മേഖലയില്‍നിന്നുമുള്ള കലവറ നിറയ്ക്കല്‍ പ്രവാഹം. അടുക്കത്തൊട്ടി, കൊട്ടംകുഴി, കര്‍മ്മംതൊടി, എരിഞ്ചേരി, കാടകം, നെച്ചി പടുപ്പ്, മുണ്ടോള്‍ ജംഗ്ഷന്, അടുക്കം, പുണ്ടൂര്‍ കോളിയടുക്കം, മൂടാംകുളം എന്നീ പ്രാദേശിക സംഘാടകരുടെ നേതൃത്വത്തിലായിരുന്നു കലവറ നിറയ്ക്കല്‍. കേരളീയ വേഷമണിഞ്ഞ വനിതകളും ചെണ്ട, വാദ്യമേളങ്ങളും ആര്‍പ്പുവിളികളുമായി ആയിരങ്ങള്‍ കലവറ നിറയ്ക്കല്‍ ഘോഷയാത്രയില്‍ പങ്കാളികളായി.
സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ, ഡിഡിഇ. നന്ദികേശ, പഞ്ചായത്തംഗങ്ങള്‍, മുഖ്യാധ്യാപകന്‍ സഞ്ജീവ, ഭക്ഷണ കമ്മറ്റി ചെയര്മാന് എ.വിജയകുമാര്‍, കണ്‍വീനര്‍ രാജേഷ് എന്നിവര്‍ ഏറ്റുവാങ്ങി.
നാസിക് ബാന്‍ഡിന്റെ നാട്ടില്‍ നിന്നും ഋതിക്
ഹയര്‍സെക്കന്‍ഡറി വിഭാഗം ബാന്‍ഡ് മേളത്തില്‍ ജേതാക്കളായ തോമാപുരം സ്കൂള്‍ ടീമില്‍ തിളങ്ങി നാസിക് ബാന്‍ഡിന്റെ നാട്ടുകാരനും. മഹാരാഷ്ട്ര സാംഗലി കോലാപൂര്‍ സ്വദേശി ഋതിക് കദം ആണ് മറാഠ നാടിന്റെ വാദ്യപരമ്പര്യം കൈമുതലാക്കി മത്സരിക്കാനിറങ്ങിയത്. ജന്മം കൊണ്ടു മറാഠി ആണെങ്കിലും ഋതിക് എല്ലാ അർഥത്തിലും മലയാളിയാണ്.

നല്ല ഒഴുക്കോടെ മലയാളം സംസാരിക്കും. 15 വര്‍ഷം മുമ്പാണ് മാതാപിതാക്കള്‍ മഹാരാഷ്ട്രയില്‍നിന്നും ബിസിനസ് ആവശ്യാര്‍ഥം കണ്ണൂര്‍ ചെറുപുഴയിലേക്ക് കുടിയേറുന്നത്. ചെറുപുഴയിലെ സോന ഗോള്‍ഡ് ജ്വല്ലറി ഉടമ ഉത്തം കദം-മായ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഈ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥി. റോഷന്, മാധുരി എന്നിവര്‍ സഹോദരങ്ങളാണ്.