സൗരോര്‍ജവേലി കടന്ന് ദേലംപാടിയില്‍ വീണ്ടും കാട്ടാനയിറങ്ങി
1339670
Sunday, October 1, 2023 6:36 AM IST
അഡൂര്‍: കാറഡുക്ക ബ്ലോക്കിലെ വനാതിര്‍ത്തിയില്‍ നിര്‍മിച്ച സൗരോര്‍ജ തൂക്കുവേലി വീണ്ടും മറികടന്ന് കാട്ടാനകള്‍. ദേലംപാടി പഞ്ചായത്തിലെ ചെന്നങ്കുണ്ട് ഭാഗത്താണ് സൗരോര്‍ജവേലി കടന്ന് ഒറ്റയാനെത്തിയത്.
തൊട്ടടുത്ത ചാപ്പക്കല്ല് പ്രദേശത്തെ മൂന്ന് കൃഷിയിടങ്ങളില്‍ വ്യാപകനാശം വരുത്തിയ ശേഷം വേലിക്കപ്പുറത്തേക്കു തന്നെ തിരിച്ചുപോവുകയും ചെയ്തു.
തദ്ദേശസ്ഥാപനങ്ങള്‍ നൽകിയ കോടികള്‍ ചെലവിട്ട് വനംവകുപ്പ് നിര്‍മിച്ച സൗരോര്‍ജവേലിയുടെ പല ഭാഗങ്ങളിലും ആവശ്യത്തിന് ചാര്‍ജ് നിലനിൽക്കുന്നില്ലെന്ന് നേരത്തേ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതാണ്. ചാര്ജില്ലാത്തതുകൊണ്ടാണ് എളുപ്പത്തില്‍ വേലി മറികടക്കാന്‍ ആനയ്ക്ക് കഴിയുന്നത്. വേലിയുടെ നിര്‍മാണത്തിലുണ്ടായ പിഴവാണ് ചാര്‍ജ് ഇല്ലാതാകാന്‍ കാരണമായി പറയുന്നത്.
പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കിയശേഷം ഇത് രണ്ടാംതവണയാണ് കാട്ടാനകള്‍ വേലി മറികടക്കുന്നത്. പ്രധാന വനാതിര്‍ത്തിയായ പുലിപ്പറമ്പില്‍ വേലി കടന്നെത്തിയ ഒറ്റയാന് ഇപ്പോഴും ജനവാസകേന്ദ്രത്തില്‍ തന്നെ തുടരുകയാണ്. നേരത്തേ അതിര്‍ത്തി കടത്തിവിട്ട ആനക്കൂട്ടവും വേലിക്കു സമീപം തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.