യുവതിയുടെ ഒന്നേകാല്‍ ലക്ഷം തട്ടി
1339660
Sunday, October 1, 2023 6:36 AM IST
ചിറ്റാരിക്കാല്‍: ലണ്ടനില്‍ ഡോക്ടർ എന്ന പേരില്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട ആളുമായി ബന്ധപ്പെട്ട സംഘം യുവതിയുടെ കൈയില്‍ നിന്ന് ഓണ്‍ലൈനില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയതായി പരാതി.
പാലാവയല് ഓടക്കൊല്ലി സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. ലണ്ടനില്‍ ഡോക്ടറാണെന്നു പരിചയപ്പെടുത്തിയ റോള്‍ഡ് അലക്സ് എന്ന വ്യക്തിയും ഭാര്യ മേരി പത്രോസും ഫേസ്ബുക്ക് മെസഞ്ചറില്‍ സന്ദേശമയച്ചാണ് യുവതിയുമായി പരിചയം സ്ഥാപിച്ചത്. പിന്നീട് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും ഓടക്കൊല്ലിയിലെ പുരാതന ഗുഹകള്‍ കാണാനാഗ്രഹമുണ്ടെന്നും പറഞ്ഞ് പലവട്ടം ചാറ്റിംഗ് നടത്തി യുവതിയുടെ വിശ്വാസമുറപ്പിച്ചു. വരുമ്പോള്‍ 25 ലക്ഷം ഡോളറിന്റെ ഒരു സമ്മാനം കൊണ്ടുവരുന്നുണ്ടെന്നും പറഞ്ഞു.
പിന്നീട് മമത എന്നു പറഞ്ഞ മറ്റൊരു യുവതി ഇവരെ വിളിക്കുകയും റോള്ഡിനെയും ഭാര്യയേയും 25 ലക്ഷം ഡോളറിന്റെ സമ്മാനവുമായി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും സമ്മാനം വിട്ടുകിട്ടണമെങ്കില്‍ നികുതിയും പിഴയുമായി നിശ്ചിത തുക ഓണ്‍ലൈനില്‍ അയച്ചുനൽകണമെന്നും ആവശ്യപ്പെട്ടു. ഇവരുടെ നിര്‍ബന്ധത്തിനു വഴങ്ങി യുവതി പല ഘട്ടങ്ങളിലായി 1,18,500 രൂപ അയച്ചുനല്‍കി. തുടര്‍ന്നും പല കാരണങ്ങള്‍ പറഞ്ഞ് പണമാവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് യുവതി ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയത്.
ഇതുള്‍പ്പെടെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം പത്തോളം കേസുകളാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഗൂഗിള്‍ മാപ്പ് റിവ്യൂ ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി നൽകാമെന്നു പറഞ്ഞ് മേല്‍പറമ്പ് ചെമ്പരിക്ക സ്വദേശിയായ യുവതിയില്‍ നിന്നും 5.29 ലക്ഷം രൂപയാണ് തട്ടിപ്പുസംഘം തട്ടിയെടുത്തത്.
പല തവണകളായാണ് സംഘം അയച്ചുനല്‍കിയ അക്കൗണ്ടുകളിലേക്ക് യുവതി പണമടച്ചത്. കുമ്പള കിദൂരിലെ യുവാവില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് അപ്ഗ്രേഡ് ചെയ്യാനെന്ന പേരില്‍ 1.17 ലക്ഷം രൂപയും ചെങ്കളയിലെ യുവതിയില്‍ നിന്നും ഓണ്‍ലൈന്‍ വായ്പയുടെ പേരില്‍ 40000 രൂപയും കാറഡുക്കയിലെ യുവാവില്‍ നിന്നും ഓണ്‍ലൈന്‍ വാഹനവില്പനയുടെ പേരില്‍ 72000 രൂപയും ഓണ്‍ലൈനില്‍ വലവിരിച്ച സംഘങ്ങള്‍ തട്ടിയെടുത്തു.