ഭൂമി തരംമാറ്റിയില്ല, സുരക്ഷാ സര്‍ട്ടിഫിക്കറ്റില്ല, കെട്ടിട നമ്പറില്ല
1339131
Friday, September 29, 2023 1:04 AM IST
എട്ടുവര്‍ഷമായി പ്രവര്‍ത്തിച്ച്
പഞ്ചായത്ത് ഓഫീസ് കെട്ടിടം !
ചിറ്റാരിക്കാല്‍: ഭൂമി തരംമാറ്റം ചെയ്യാതെ നിലംനികത്തി നിങ്ങള്‍ ഒരു കെട്ടിടം നിര്‍മിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പേ അതില്‍ ഒരു സ്ഥാപനം തുടങ്ങുന്നു. എട്ടുവര്‍ഷമായിട്ടും നിലം തരംമാറ്റാന്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ പോലും നല്‍കിയിട്ടില്ല. കെട്ടിടത്തിന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റോ സുരക്ഷാ സര്‍ട്ടിഫിക്കറ്റോ ഇല്ല. അതുകൊണ്ടുതന്നെ കെട്ടിട നമ്പറും ലഭിച്ചിട്ടില്ല.
എവിടെയായാലും ഇങ്ങനെയൊരു സ്ഥാപനം എട്ടുവര്‍ഷമായി പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനുവദിക്കില്ല എന്നായിരിക്കും എല്ലാവരും പറയാന്‍ വരുന്നത്. വീടാണെങ്കില്‍ അതിന് വൈദ്യുതി കണക്ഷന് പോലും ലഭിക്കില്ല.
പക്ഷേ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ആരെങ്കിലും ഇങ്ങനെ ചെയ്താലും അതിനെതിരായി നടപടിയെടുക്കാന്‍ പഞ്ചായത്തിന് ധാര്‍മികമായി യാതൊരവകാശവുമില്ല. കാരണം ഇങ്ങനെയൊരവസ്ഥയിലുള്ള കെട്ടിടത്തിലാണ് കഴിഞ്ഞ എട്ടുവര്‍ഷമായി പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
മലയോരത്തെ മുന്‍കാല ജന്മിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന കരിമ്പില്‍ കുഞ്ഞമ്പു സംഭാവന നല്കിയ സ്ഥലത്താണ് എട്ടുവര്‍ഷം മുമ്പ് പഞ്ചായത്ത് ഓഫീസിനായി ഇരുനില കെട്ടിടം പണിതത്. ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷ പോലും അന്ന് നല്‍കിയിരുന്നില്ലെന്ന കാര്യം മാസങ്ങള്‍ക്കു മുമ്പ് പഞ്ചായത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റപ്പോഴാണ് അറിയുന്നത്. അതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ.
കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് ഓഫീസ് കെട്ടിടമെന്ന ഖ്യാതിയോടെ 2.25 കോടി രൂപ ചെലവിലാണ് നാലുകെട്ടിന്റെ മാതൃകയിലുള്ള ഇരുനില കെട്ടിടം നിര്‍മിച്ചത്. ഒരു മിനി സിവില്‍ സ്റ്റേഷന്റെ മാതൃകയില്‍ പഞ്ചായത്തിലെ ഏതാണ്ടെല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സ്ഥലസൗകര്യം ഇവിടെയുണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഓഗസ്റ്റ് 31 നായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്.
പെട്ടെന്ന് ഉദ്ഘാടനം നടത്താനുള്ള തിരക്കില്‍ കെട്ടിടത്തിന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റും സുരക്ഷാ സര്‍ട്ടിഫിക്കറ്റുമൊന്നും ആയിട്ടില്ലെന്ന കാര്യം കണക്കിലെടുത്തില്ല. പഞ്ചായത്തിന്റെ സ്വന്തം കാര്യമായതുകൊണ്ട് ഒരു താത്കാലിക കെട്ടിട നമ്പര്‍ നല്കി വൈദ്യുതി കണക്ഷനുള്‍പ്പെടെ ലഭ്യമാക്കി ഓഫീസ് ഇവിടെ പ്രവര്‍ത്തിച്ചുതുടങ്ങുകയായിരുന്നു.
എന്നാല്‍ അതേ ഭരണസമിതി തന്നെ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നിട്ടും കെട്ടിടം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കാര്യമായൊന്നും നടന്നില്ല. കരാറുകാരന്റെ നിരുത്തരവാദപരമായ സമീപനം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍ പറയുന്നു. പണി പൂര്‍ത്തിയാകാത്തതിനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് നല്കാന് ബാക്കിയുള്ള 28 ലക്ഷം രൂപയും കരുതല്‍ നിക്ഷേപമായ 10 ലക്ഷം രൂപയും ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനം നടന്ന് ആറുമാസത്തിനകം തന്നെ കെട്ടിടം അവിടവിടെ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിരുന്നു.
തുടര്‍ന്ന് പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കെട്ടിടത്തിനു മുകളില്‍ ഒന്നുകൂടി കോണ്‍ക്രീറ്റ് ചെയ്തു. നാലുകെട്ടിന്റെ മധ്യഭാഗത്ത് മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ഷീറ്റുകള്‍ കേവലം രണ്ടുവര്‍ഷം കൊണ്ട് ദ്രവിച്ചുതുടങ്ങി.
ഇതിനുപകരം പുതിയ ഷീറ്റുകളും പഞ്ചായത്ത് തന്നെ വാങ്ങി സ്ഥാപിക്കുകയായിരുന്നു. ഇപ്പോള്‍ ഓഫീസ് മുറികളിലും വരാന്തകളിലും സ്ഥാപിച്ച ടൈലുകളും അങ്ങിങ്ങ് പൊട്ടിപ്പൊളിഞ്ഞ് സിമന്റ് പുറത്തുകാണാവുന്ന നിലയിലാണ്.
കെട്ടിടത്തിന്റെ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റും സുരക്ഷാ സര്‍ട്ടിഫിക്കറ്റും ലഭിച്ചതിനു ശേഷം മാത്രമേ തുടര്‍ന്നുള്ള അറ്റകുറ്റപണികള്‍ക്ക് പണം നീക്കിവയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി പറഞ്ഞു. അല്ലാത്തപക്ഷം ഉത്തരവാദപ്പെട്ട ആളുകളില്നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കാനാണ് പഞ്ചായത്തിന്റെ നീക്കം.