സമരങ്ങളൊടുങ്ങി, വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കു പോയി; സംസ്ഥാനപാത വീണ്ടും പൊടിയില്‍ മുങ്ങി
1279906
Wednesday, March 22, 2023 1:18 AM IST
രാജപുരം: സമരപരമ്പരകളും പലവട്ടം പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് വരെയെത്തിയ പരാതിപ്രവാഹങ്ങളും കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പൂടംകല്ല്-ചിറങ്കടവ് സംസ്ഥാനപാത വീണ്ടും പൊടിയില്‍ മുങ്ങി. ആളുകളുടെ കണ്ണില്‍ പൊടിയിടാനെന്നവണ്ണം കൊണ്ടുവച്ച ജെസിബിയും റോഡ് റോളറുമടക്കമുള്ള നിര്മാണന്ത്രങ്ങള് പാതയോരത്ത് വിശ്രമിക്കുമ്പോള്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ പോലും പൊടിപടലങ്ങളില്‍ മുങ്ങി യാത്രചെയ്യേണ്ട അവസ്ഥയിലായി.
സംസ്ഥാനപാതയിലെ യാത്രാദുരിതത്തിനെതിരെ സമരം നടത്തിയ സെന്റ് പയസ് ടെന്ത് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് അധികൃതര്‍ നല്കിയ ഉറപ്പുകളിലൊന്ന് റോഡില്‍ ആവശ്യത്തിന് വെള്ളം തളിച്ച് പരീക്ഷക്കാലത്ത് പൊടിശല്യമില്ലാതെ യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നതായിരുന്നു. എന്നാല്‍ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോള്‍ റോഡില്‍ വെള്ളം തളിക്കുന്നതുപോലും പേരിന് മാത്രമായി.
രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും സിപിഎം നേതാക്കളുമെല്ലാം പ്രശ്നം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ റോഡ് പണിയുടെ പുരോഗതി ഓരോ ദിവസവും മന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്ന വാക്കും വെറുതെയായി. അത്രത്തോളം നടന്നില്ലെങ്കിലും മന്ത്രി ഇടപെട്ടതുകൊണ്ട് പ്രവൃത്തികള്‍ക്ക് അല്പമെങ്കിലും വേഗംവയ്ക്കുമെന്ന പ്രതീക്ഷയും നടപ്പായില്ല. കൂടുതല്‍ നിര്‍മാണയന്ത്രങ്ങള്‍ കൊണ്ടുവച്ചെങ്കിലും പണി നടക്കുന്നത് ഇപ്പോഴും ഒരേയൊരു യന്ത്രം ഉപയോഗിച്ചാണെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡ് ഇളക്കിമറിച്ച് മണ്ണായിക്കിടക്കുന്ന ഇടങ്ങളില്‍ ജിഎസ്ബി നിരത്തുന്ന ജോലിയാണ് ഒച്ചിഴയുന്ന വേഗതയില്‍ നടക്കുന്നത്. ജിഎസ്ബി നിരത്തുന്ന മുറയ്ക്ക് ടാറിംഗ് നടത്താത്തതിനാല്‍ ജിഎസ്ബി നിരത്തിയ ഇടങ്ങളില്‍ ചെമ്മണ്പൊടിക്കു പകരം സിമന്റ് പൊടിയായെന്ന വ്യത്യാസം മാത്രമേയുള്ളൂ. നല്ലൊരു വേനല്‍മഴയെങ്കിലും പെയ്തിരുന്നെങ്കില്‍ ഈ പൊടിശല്യത്തിനെങ്കിലും ആശ്വാസമായേനെയെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ പ്രാര്‍ഥന.