ആർഎസ്എസ്, ബിജെപി പ്രവർത്തകർ കാപ്പിക്കുന്നിൽ സമാധാനാന്തരീക്ഷം തകർക്കുന്നു: യുഡിഎഫ് നേതാക്കൾ
1467444
Friday, November 8, 2024 5:54 AM IST
പുൽപ്പള്ളി: ആർഎസ്എസ്, ബിജെപി പ്രവർത്തകർ കാപ്പിക്കുന്നിൽ സമാധാനാന്തരീക്ഷം തകർക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പ്രദേശത്തെ യുഡിഎഫ് പ്രവർത്തകരെ നിരന്തരം ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയുമാണ്. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ ആർഎസ്എസ് പ്രവർത്തകന് പരിക്കേറ്റപ്പോൾ അത് കോണ്‍ഗ്രസ് പ്രവർത്തകർ അക്രമിച്ചതാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു. ഇത് സംബന്ധിച്ച് ആർഎസ്എസ് പ്രവർത്തകർ നൽകിയ പരാതിയിൽ സത്യാവസ്ഥപോലും അന്വേഷിക്കാതെ നിരപരാധികളുടെ പേരിൽ കേണിച്ചിറ പോലീസ് കേസെടുത്തിരിക്കുകയാണ്.
എന്നാൽ പരാതിക്കാരൻതന്നെ ഈ പരാതി വ്യാജമാണെന്ന് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. രണ്ട് വർഷം മുന്‍പുണ്ടായ ചില അനിഷ്ട സംഭവങ്ങളെ പിന്തുടർന്നുകൊണ്ടാണ് ആർഎസ്എസ്, ബിജെപി പ്രവർത്തകർ നാട്ടിൽ വീണ്ടും കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്. സമാധാനപരമായി ജീവിക്കുന്ന, യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത കാപ്പിക്കുന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണിവർ.
ഇതിനെതിരേ ശക്തമായ ജനവികാരം ഉയർന്നുവന്നിട്ടുണ്ട്. നാട്ടിലെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയാറാകണം. യുഡിഎഫ് ചെയർമാൻ പി.ഡി. ജോണി, ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, സിദ്ദിഖ് തങ്ങൾ, ടി.എസ്. ദിലീപ് കുമാർ, പി.എൻ. ശിവൻ, സോജീഷ് സോമൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.