ആവേശത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ
1478439
Tuesday, November 12, 2024 6:22 AM IST
സുൽത്താൻ ബത്തേരി: കോണ്‍ഗ്രസ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് പ്രിയങ്കയെ എതിരേറ്റത്. പ്രിയങ്കയെ അഞ്ച് ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിപ്പിക്കുക എന്ന വൻ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസുകാരുടെ പ്രവർത്തനം. കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് വയനാട്ടിൽ ഇത്തരമൊരു പ്രചാരണം നടത്തിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പ് നിരീക്ഷകരായി എത്തി. മുക്കിലും മൂലയിലുംവരെ പ്രിയങ്കയുടെ വലിയ പോസ്റ്ററുകളും ബാനറുകളും കാണാം.
എല്ലാ വീടുകളിലും രണ്ടു തവണയെങ്കിലും പ്രവർത്തകർ വോട്ടഭ്യർഥിച്ചു ചെന്നിട്ടുണ്ട്. സ്ത്രീകളുടെയും യുവാക്കളുടെയും വോട്ടുകൾ ഉറപ്പാക്കാനായാൽ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കാൻ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതു
ന്നത്.
രാഹുൽ ഗാന്ധി എംപിയായശേഷം മണ്ഡലത്തിൽ ഇല്ലായിരുന്നുവെന്നും അതുപോലെ തന്നെയായിരിക്കും പ്രിയങ്കയെന്നും എൽഡിഎഫും എൻഡിഎയും വ്യാപകമായി പ്രചാരണം നടത്തി. അതിനെ പ്രതിരോധിക്കാനായി മണ്ഡലത്തിലെ എല്ലാ അങ്ങാടികളിലും പ്രിയങ്ക ഗാന്ധി എത്തി. ചെറിയ രീതിയിലുള്ള കോർണർ യോഗങ്ങളാണു സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും ജനം തടിച്ചുകൂടി.
പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ പ്രസംഗം കുറച്ച് റോഡ് ഷോകൾക്കാണു പ്രാധാന്യം നൽകിയത്. ഇതോടെ മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും എത്തിച്ചേരാനായി. ഒരാഴ്ച പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പ്രചാരണം നടത്തി. പ്രചാരണം അവസാനിക്കുന്പോൾ രാഹുൽ ഗാന്ധി 2019ൽ നേടിയ നാല് ലക്ഷത്തിന്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് മറികടക്കാൻ സാധിക്കുമെന്നാണ് യുഡിഎഫിന്റെ ഉറച്ച വിശ്വാസം.