സ്ഥാനാർഥികളെയും മുന്നണികളെയും മാഫിയകൾ ഹൈജാക്ക് ചെയ്യുന്നുവെന്ന്
1467441
Friday, November 8, 2024 5:54 AM IST
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളെയും മുന്നണികളെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങളോട് പുഛം മാത്രമുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ മാഫിയാ സംഘങ്ങൾ ഹൈജാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് അജണ്ടകൾ നിശ്ചയിച്ചു കൊണ്ടിരിക്കുകയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
എല്ലാരാഷ്ട്രീയ പാർട്ടികളെയും നിയന്ത്രിക്കുന്ന രാഷ്ട്രീയ മാനേജർമാരാണ് ഇതിന്റെ ദല്ലാൾമാർ. വയനാടിന്റെ നിലനില്പിന്റെ ആണിക്കല്ലും സന്പദ്ഘടനയുടെ നട്ടെല്ലുമായ കർഷികരുടെ നീറുന്ന പ്രശ്നങ്ങളും ആദിമ നിവാസികളുടെ ശോചനീയാവസ്ഥയും തോട്ടം തൊഴിലാളികൾ അടക്കമുള്ള ഭൂരഹിതരുടെ ഭൂപ്രശ്നങ്ങളും തകർന്നു തരിപ്പണമായ വയനാടൻ പരിസ്ഥിതിയുടെ പുനരുജ്ജീവനവും ഒരു സ്ഥാനാർഥിയുടെ വിദൂരപരിഗണനയിൽ പോലും ഇല്ലാത്തത് യാദൃശ്ചികമല്ല.
വയനാടിനെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണം പോലും ചടങ്ങിന് മാത്രം വല്ലപ്പോഴും ഉരവിടുന്ന വായ്ത്താരികൾ മാത്രമായിരിക്കുന്നു. കഴിഞ്ഞ 15 വർഷമായി തുടരുന്നതും വയനാട്ടിലെ ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞതുമായ രാത്രിയാത്ര നിരോധനവും ബദൽ റോഡും ഒരിക്കലും യാഥാർഥ്യമാകാൻ തരമില്ലാത്ത മറ്റനേകം മണ്ടൻ പദ്ധതികളും ഉന്നയിച്ച് ജനങ്ങളെ കന്പളിപ്പിക്കാനുള്ള പ്രചരണ കോലാഹലമാണ് ഇത്തവണയും നടന്നുകൊണ്ടിരിക്കുന്നത്. വയനാടിന്റെ സാമൂഹ്യ ഘടനയെയും പ്രകൃതിയെയും ഗുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന അനിയന്ത്രിത ടൂറിസത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചർച്ചയിൽ നിന്നു എല്ലാവരും ഒളിച്ചോടുകയാണ്.
ചിലർ അതിന്റെ ബ്രാൻഡ് അന്പാസിഡർമാരായും അവതരിക്കുന്നു. വയനാടിന്റെ പ്രകൃതിസന്പത്ത് യഥേഷ്ടം കൊള്ള ചെയ്ത് നാടിനെ നരകതുല്യമാക്കാൻ കച്ചകെട്ടിയിറങ്ങിയ ഗൂഢസംഘങ്ങളുടെ സംഘടിത പ്രചാരണങ്ങളിൽ രാഷ്ട്രീയ മുന്നണികളും സ്ഥാനാർഥികളും പെട്ടുപോകുന്നത് ജനാധിപത്യത്തിന്റെ അപചയവും നാടിന്റെ ദുര്യോഗമാണെന്ന് പ്രകൃതി സംരക്ഷണ സമിതി കുറ്റപ്പെടുത്തി.