ഹാരിസണ്‍സ് തോട്ടത്തിൽ കുട്ടികളുടെ സാഹസിക പാർക്ക് ഒരുങ്ങുന്നു
1467436
Friday, November 8, 2024 5:54 AM IST
കൽപ്പറ്റ: പുഞ്ചിരമട്ടം ഉരുൾ ദുരന്തത്തെത്തുടർന്ന് ജില്ലയിൽ ടൂറിസം മേഖലയിലുണ്ടായ മാന്ദ്യം മറികടക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഹാരിസണ്‍സ് മലയാളം കന്പനി കുട്ടികളുടെ സാഹസിക പാർക്ക് ഒരുക്കുന്നു.
അച്ചൂർ, ചൂണ്ടേൽ, സെന്റിനൽ റോക്ക് തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് ഹാരിസണ്‍സ് കന്പനിയുടെ പ്ലാന്റേഷൻ ടൂറിസം. ടീ മ്യൂസിയം, സിപ്ലൈൻ, തേയില ഫാക്ടറി സന്ദർശനം, എടിവി റൈഡ്, ക്യാന്പിംഗ് തുടങ്ങിയവ നിലനിൽ ടൂറിസം പരിപാടികളുടെ ഭാഗമാണ്. അച്ചൂരിൽ ടീ മ്യൂസിയത്തിനടുത്തായാണ് കുട്ടികളുടെ സാഹസിക പാർക്ക് സജ്ജമാക്കുന്നത്. ഇതിന്റെ പ്രവർത്തനം അടുത്ത മാസത്തോടെ തുടങ്ങുമെന്ന് ഹാരിസണ്‍സ് കന്പനി സിഇഒ ചെറിയാൻ എം. ജോർജ് അറിയിച്ചു.
പ്രതിവർഷം ഏകദേശം 17.5 ലക്ഷം സഞ്ചാരികളാണ് ജില്ലയിൽ എത്തിയിരുന്നത്. ടൂറിസത്തിലൂടെ 3,165 കോടി രൂപയായിരുന്നു ജില്ലയുടെ മാത്രം സംഭാവന. പുഞ്ചിരിമട്ടം ദുരന്തത്തെത്തുടർന്ന് ദിവസം ഏകദേശം ഒരു കോടി രൂപയാണ് ജില്ലയുടെ വരുമാന നഷ്ടം. നേരിട്ടും അല്ലാതെയും 140 പ്രദേശവാസികൾക്ക് പ്ലാന്റേഷൻ ടൂറിസം മേഖലയിൽ കന്പനി തൊഴിൽ നൽകുന്നുണ്ട്. ടൂറിസം പ്രവർത്തനങ്ങൾ സജീവമാകുന്നതോടെ കൂടുതൽ പേർക്ക് തൊഴിലവസരമാകുമെന്ന് കന്പനി ന്യൂ വെഞ്ച്വേഴ്സ് വിഭാഗം മേധാവി സുനിൽ ജോണ്‍ ജോസഫ് പറഞ്ഞു.