യുഡിഎഫ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നു; പരാതി നൽകി എൽഡിഎഫ്
1478440
Tuesday, November 12, 2024 6:22 AM IST
കൽപ്പറ്റ: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോണ്ഗ്രസ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സ്ഥാനാർഥി പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രം പതിച്ച ഭക്ഷ്യക്കിറ്റുകൾ നൽകി വോട്ടാർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനുപിന്നാലെയാണ് മദ്യവും പണവും ഒഴുക്കുന്നതെന്ന് പരാതിയിൽ പറഞ്ഞു. തിരുനെല്ലി തോൽപ്പെട്ടിയിൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയുടെയും നേതാക്കളുടെയും ചിത്രം പതിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടി. മണ്ഡലം പ്രസിഡന്റിനെതിരേ പോലീസ് കേസ് എടുത്തു. ഇപ്പോൾ മദ്യവും പണവുമാണ് നൽകുന്നത്.
ഗോത്രസങ്കേതങ്ങളോട് ചേർന്ന് വിരുന്നൊരുക്കി മദ്യം നൽകുകയാണ്. ഗ്രാമങ്ങളിലും ഇതേ രീതിയാണ് പിന്തുടരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങൾ വിളിച്ചുചേർത്തും അല്ലാതെയുമാണ് മദ്യവും കള്ളപ്പണവും കൈമാറുന്നത്. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് കള്ളപ്പണം ഒഴുക്കുന്നത്.
ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണം. മദ്യവും പണവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരേ എൽഡിഎഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.കെ. ശശീന്ദ്രനും സെക്രട്ടറി പി.പി. സുനീർ എംപിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.