ദുരിതബാധിതരുടെ പുനരധിവാസത്തിന് കത്തോലിക്കാസഭ സമഗ്ര സമീപനം അവലംബിക്കും: ഫാ. ജേക്കബ് മാവുങ്കൽ
1465170
Wednesday, October 30, 2024 7:36 AM IST
മാനന്തവാടി: ഉരുൾപൊട്ടൽ, പ്രളയം എന്നിവമൂലം ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് കത്തോലിക്കാസഭ സമഗ്ര സമീപനം അവലംബിക്കുമെന്ന് കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ.
മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടത്തുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് സൊസൈറ്റി ഹാളിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരിൽ 100 പേർക്ക് കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ വീട് നിർമിച്ചുനൽകും. ഇവർക്ക് ബാക്ക് ടു ഹോം കിറ്റ് വിതരണം ചെയ്യും.
ഉപജീവനമാർഗം കണ്ടെത്തുന്നതിന് ഉരുൾ, പ്രളയ ബാധിതരെ സഹായിക്കും. ആവശ്യമായവർക്ക് കൗണ്സലിംഗ് നൽകും. കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസ്, കേരള സോഷ്യൽ സർവീസ് ഫോറം, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബത്തേരി ശ്രേയസ്, ജീവന കോഴിക്കോട് എന്നിവയിലൂടെ മൂന്നു മാസമായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഡബ്ല്യുഎസ്എസ്എസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോ.വി.ആർ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കേരള സോഷ്യൽ സർവീസ് ഫോറം പ്രോജക്ട് കോഓർഡിനേറ്റർ കെ.ഡി. ജോസഫ്, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അഭീഷ് ആന്റണി, സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് കോഓർഡിനേറ്റർ ജാൻസി ജിജോ, ദീപു ജോസഫ് എന്നിവർ പ്രസംഗിച്ചു. ജനകീയ കൗണ്സലർമാർക്കുള്ള നിയമന ഉത്തരവ്, തിരിച്ചറിയൽ കാർഡ് എന്നിവ ഫാ.ജേക്കബ് മാവുങ്കൽ, ഡോ.വി.ആർ. ഹരിദാസ് എന്നിവർ വിതരണം ചെയ്തു.