പുഞ്ചിരിമട്ടം ദുരന്തം: പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ആസൂത്രിത നീക്കമെന്ന് ആരോപണം
1464162
Sunday, October 27, 2024 1:01 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിനു സജ്ജമാക്കുന്ന ടൗണ്‍ഷിപ്പുകളിൽ കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ആസൂത്രിത നീക്കമെന്ന് ആരോപണം.
മുണ്ടക്കൈ ഭാഗത്ത് പുഴയുടെ 50 ഉം ചൂരൽമല ഭാഗത്ത് 30 ഉം മീറ്റർ മാറിയുള്ള പ്രദേശങ്ങൾ വാസയോഗ്യമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഇതിൽ പുനരധിവസിപ്പിക്കേണ്ട കുടുബങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള നിഗൂഢ പദ്ധതി പ്രകടമാണെന്ന് ജനശബ്ദം കർമ സമിതി ചെയർമാൻ നസീർ ആലയ്ക്കൽ, കണ്‍വീനർ ഷാജിമോൻ ചൂരൽമല, മറ്റു ഭാരവാഹികളായി ഷാജി ഷണ്മുഖൻ, ചെറിയാൻ സെയ്തലവി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുഴയുടെ 300 മീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ വാസയോഗ്യമല്ലെന്നാണ് ഡോ. ജോണ്‍ മത്തായി ഉൾപ്പെടുന്ന വിദഗ്ധ സമിതി നേരത്തേ അഭിപ്രായപ്പെട്ടത്. പിന്നീടായിരുന്നു പുഴയുടെ മുണ്ടക്കൈ ഭാഗത്ത് 50 ഉം ചൂരൽമലയിൽ 30 ഉം മീറ്റർ പുറത്തുള്ള പ്രദേശങ്ങൾ വാസയോഗ്യമാണെന്ന കണ്ടെത്തൽ. ഇതനുസരിച്ച് സ്ഥലം സർവേ ചെയ്യുന്നതിനെയാണ് ദുരന്തബാധിതർ സംഘടിച്ച് തടഞ്ഞത്.
വിദഗ്ധർ ബാഹ്യശക്തികളുടെ സ്വാധീനത്തിനു വഴങ്ങിയെന്നു സംശയിക്കണം. ഇതര സംസ്ഥാനങ്ങളിലേതടക്കം സാന്പത്തിക ശക്തികൾ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ടൂറിസം മേഖലയിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. വിദഗ്ധർ നേരത്തേ അഭിപ്രായപ്പെട്ടതുപോലെ പ്രദേശങ്ങൾ വാസയോഗ്യമല്ലെന്ന സ്ഥിതി ടൂറിസം സംരഭകരെ ബാധിക്കും. ദുരന്തഭൂമിക്കടുത്ത് കൂടുതൽ പ്രദേശം വാസയോഗ്യമാണെന്ന സ്ഥിതി സംജാതമാക്കേണ്ടത് ഇക്കൂട്ടരുടെ ആവശ്യമാണ്.
ബാലവാടി കുട്ടികളുടേതിനു സമാനമായ റിപ്പോർട്ടാണ് ഡോ. ജോണ്‍ മത്തായി കമ്മിറ്റി സർക്കാരിനു സമർപ്പിച്ചത്. ഈ റിപ്പോർട്ട് അപ്പാടെ തളളണം. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ പ്രകൃതിദുരന്ത സാധ്യത മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കണം. ഈ സമിതി തയാറാക്കുന്ന റിപ്പോർട്ടിലെ ശിപാർശ പ്രകാരം ആളുകളെ മാറ്റിപ്പാർപ്പിക്കണം.
ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടമായവർ ആശങ്കയിലാണ്. സ്ഥിരം പുനരധിവാസത്തിന് സർക്കാർ മേപ്പാടി നെടുന്പാലയിലും കൽപ്പറ്റയ്ക്കടുത്തും കണ്ടെത്തിയ തോട്ടം ഭൂമികൾ നിയമക്കുരുക്കിലാണ്. ദുരന്തനിവാരണ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനേതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ് തോട്ടം മാനേജ്മെന്റുകൾ.
നെടുന്പാലയിലേതടക്കം മേപ്പാടി പ്രദേശത്ത് ഹാരിസണ്‍ മലയാളം കന്പനി കൈവശം വയ്ക്കുന്ന ഭൂമിയിൽ അവകാശം ഉന്നയിച്ച് ജില്ലാ കളക്ടർ ബത്തേരി കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുകയുമാണ്. ഇതെല്ലാം പുനരധിവാസം അനിശ്ചിതത്വത്തിലാക്കുകയാണ്. നിയമപ്രശ്നങ്ങളില്ലാത്ത ഭൂമി കണ്ടെത്തി പുനരധിവാസം സമയബന്ധിതമായി നടത്തണം. താത്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങൾ വീട്ടുവാടക നൽകണം.
മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിയന്തര സഹായവും നിത്യവൃത്തിക്കുള്ള തുകയും ലഭിക്കാത്ത 131 പേർ ദുരന്തബാധിത പ്രദേശങ്ങളിലുണ്ട്. പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കണം. ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക സർക്കാർ പ്രസിദ്ധപ്പെടുത്തണം. 251 പേർ മരിച്ചെന്നും 47 പേരെ കാണാതായെന്നുമാണ് സർക്കാർ കണക്ക്. ഇത് വിശ്വസനീയമല്ല.
ദുരന്തം ഉണ്ടായപ്പോൾ പ്രദേശത്തെ വാടകവീടുകളിലും മുറികളിലും ഹാരിസണ്‍സ് തോട്ടത്തിലെ പാടികളിലും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള എത്ര തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നതിൽ വ്യക്തതയില്ല. ദുരന്തത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിച്ച ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് പറഞ്ഞയത്തിൽ ദുരൂഹതയുണ്ട്. കാണാതായവർക്കായുള്ള തെരച്ചിൽ ദുരന്തഭൂമിയിൽ തുടരണം. ഇതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം. കാണാതായെന്നു സർക്കാർ പറയുന്ന 47 പേരുടെയും മരണസർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് അനുവദിക്കണം. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ മുഴുവൻ വായ്പകളും എഴുതിത്തള്ളണം.
ഈ വാർഡുകളിലേതായി കുടുബശ്രീ വായ്പയടക്കം ഏകദേശം 24 കോടി രൂപയാണ് എഴുതിത്തള്ളേണ്ടത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ കെട്ടിടം ഉടമകളെ ദുരന്തബാധിതരായി പ്രഖ്യാപിച്ച് സഹായം ലഭ്യമാക്കണം. ജോലി നഷ്ടമായ ചുമട്ടുതൊഴിലാളികളെ മറ്റിടങ്ങളിൽ വിന്യസിക്കണം. നിലവിൽ ചൂരൽമലയിൽ താമസിക്കുന്നവർക്ക് മതിയായ ചികിത്സാസൗകര്യം ലഭ്യമാക്കണം. ദുരന്തബാധിതർ പ്രക്ഷോഭത്തിലേക്കു നീങ്ങുന്ന സാഹചര്യം സർക്കാർ ഒഴിവാക്കണമെന്നും ജനശബ്ദം ഭാരവാഹികൾ ആവശ്യപ്പെട്ടു.