കടുവ കൂട്ടത്തെ പിടികൂടാൻ മൈസൂരുവിൽ നിന്നു ഭീമൻ കൂട്
1464407
Monday, October 28, 2024 1:04 AM IST
കൽപ്പറ്റ: ചുണ്ടേൽ ആനപ്പാറയിൽ ഭീതി പരത്തുന്ന കടുവ കൂട്ടത്തെ പിടികൂടാൻ മൈസൂരുവിൽ നിന്നു ഭീമൻ കൂട് എത്തിച്ചു. ദിവസങ്ങളോളമായി ജനവാസ മേഖലയിൽ തുടരുന്ന നാല് കടുവകളെയും ഒരുമിച്ച് പിടികൂടുകയാണ് ലക്ഷ്യം.
വേട്ടയാടി തുടങ്ങിയ മൂന്നു കടുവ കുഞ്ഞുങ്ങളും ഒരു അമ്മക്കടവയുമാണ് പ്രദേശത്തുള്ളത്. വലിയ കൂട് സ്ഥാപിച്ച് കടുവ കുടുംബത്തെ ഒന്നാകെ പിടികൂടുന്നതിനുള്ള സാഹസിക ദൗത്യമാണ് വനം വകുപ്പ് ആരംഭിച്ചത്. കടുവക്കുഞ്ഞുങ്ങൾ നാട്ടിൽ നിന്നു തന്നെ വേട്ടയാടാൻ പഠിക്കുന്നത് വരുംകാലങ്ങളിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. ഇത് തടയുന്നതിനായാണ് കടുവകളെ ഒരുമിച്ച് പിടികൂടാൻ ശ്രമം നടത്തുന്നത്. ഇന്നലെ രാത്രി ഒന്പതോടെയാണ് കൂട് ആനപ്പാറയിൽ എത്തിച്ചത്.
ഇന്ന് രാവിലെ ആനപ്പാറയിലെ തേയില തോട്ടത്തിൽ കൂട് സ്ഥാപിക്കും. വലിയ മുറിയുടെ വിസ്താരത്തിൽ പ്രത്യേക കൂടൊരുക്കി ആദ്യം അമ്മയെയും പിന്നാലെ കുഞ്ഞുങ്ങളെയും കൂട്ടിലാക്കുകയാണു ലക്ഷ്യം.
അമ്മക്കടുവ കൂട്ടിലാകുന്നതോടെ അതിനെ കൂടിന്റെ ഒരു മൂലയിലേക്ക് ഒതുക്കി ആ ഭാഗം മാത്രം അഴിക്കുള്ളിലാക്കും. അമ്മയെത്തേടി പിന്നാലെയെത്തുന്ന കുഞ്ഞുങ്ങളും കൂട്ടിൽ കയറുന്നതോടെ പുറത്തെ വാതിൽ അടയുന്നവിധമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ദൗത്യം വിജയിച്ചാൽ ഇത്രയും കടുവകളെ ഒരുമിച്ചു കൂട്ടിലെത്തിക്കുന്നതു അത്യപൂർവ നടപടിയാകും. കർണാടകയിൽ മുൻപ് അമ്മക്കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും സമാന രീതിയിൽ കൂടുവച്ചു പിടികൂടിയിരുന്നു. അന്ന് ഉപയോഗിച്ച വലിയ കൂടാണ് മൈസൂരുവിൽ നിന്നു കൊണ്ടുവന്നത്.
മേപ്പാടി റേഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിലാണ് മൈസൂരുവിൽ നിന്നു കൂട് എത്തിച്ചത്. ആനപ്പാറയിലെ തേയിലത്തോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ തുടർച്ചയായ ദിവസങ്ങളിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ആനപ്പാറയിൽ വനം വകുപ്പിന്റെ പ്രത്യേക ക്യാന്പ് ആരംഭിച്ചിട്ടുണ്ട്. തേയില തോട്ടത്തിൽ കടുവയെ നിരീക്ഷിക്കാനായി തത്സമയ കാമറയും സ്ഥാപിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ചിത്രങ്ങളിൽ നിന്നു ഏതാണ്ട് ഒന്നര വയസ് പ്രായമുണ്ടെന്ന് വനം വകുപ്പ് നിഗമനത്തിൽ എത്തിയിട്ടുണ്ട്.
ഇത് തിരിച്ചറിഞ്ഞാണ് വനം വകുപ്പ് പിടികൂടാനുള്ള നടപടികൾ ആരംഭിച്ചത്. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. പ്രദേശവാസികൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ്.
കടുവകളെ പിടികൂടാൻ വനം വകുപ്പ് അഞ്ച് ദിവസത്തെ സാവകാശമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് നാട്ടുകാർ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അഞ്ചുദിവസത്തിനകം കടുവകളെ പിടികൂടിയില്ലെങ്കിൽ ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരം നടത്താനാണ് വനം വകുപ്പിന്റെ നീക്കം. കടുവകൾ ഒന്നാകെ കൂട്ടിൽ അകപ്പെട്ടാൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റലും വെല്ലുവിളിയാകും. ക്രെയിൻ ഉൾപ്പെടെ സ്ഥലത്ത് ക്രമീകരിക്കേണ്ടി വരും. നാലു കടുവകളെയും തനിച്ച് മാറ്റേണ്ടി വരുന്നത് മുന്നിൽകണ്ട് വേറെയും നാല് കൂടുകൾ തയാറാക്കിയിട്ടുണ്ട്.