രാഹുൽ വയനാടിനുവേണ്ടി ഒന്നും ചെയ്തില്ല: മന്ത്രി ഒ.ആർ. കേളു
1464410
Monday, October 28, 2024 1:04 AM IST
സുൽത്താൻ ബത്തേരി: അഞ്ചുവർഷം എംപിയായിരുന്ന രാഹുൽഗാന്ധി വയനാടിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
സിഎസ്ഐ ഹാളിൽ എൽഡിഎഫ് നിയോജകമണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് അംഗത്തിനു ചെയ്യാവുന്ന കാര്യങ്ങൾ മാത്രമാണ് എംപി എന്ന നിലയിൽ രാഹുൽഗാന്ധി മണ്ഡലത്തിനുവേണ്ടി നടത്തിയത്. യുഡിഎഫ് കൽപ്പറ്റയിൽ നടത്തിയ റോഡ്ഷോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ആളുകളെ ഇറക്കിയാണ് നടത്തിയത്.
റോഡ്ഷോയിൽ വയനാട് മണ്ഡലത്തിൽനിന്നുള്ള ആളുകൾ കുറവായിരുന്നു. ജില്ലയിൽ യുഡിഎഫിൽ ആവേശം ഇല്ല. ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതാണെന്നു ജനങ്ങൾക്കറിയാമെന്നും മന്ത്രി പറഞ്ഞു.
എൽഡിഎഫ് നിയോജകമണ്ഡലം പാർലമെന്റ് കമ്മിറ്റി വൈസ് ചെയർമാൻ കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി സത്യൻ മൊകേരി, നേതാക്കളായ പി.പി. സുനീർ എംപി, സി.എം. ശിവരാമൻ, കെ.പി. അനിൽകുമാർ, പി.എം. ജോയി, പി.ആർ. ജയപ്രകാശ്, സുരേഷ് താളൂർ, എൻ.പി. കുഞ്ഞുമോൾ, എൻ.കെ. ബാലൻ, രഞ്ജിത്ത്, അമീർ അറക്കൽ, അന്നമ്മ പൗലോസ്, കെ.എം. ബഷീർ എന്നിവർ പ്രസംഗിച്ചു. ടി.ജെ. ചാക്കോച്ചൻ സ്വാഗതവും രുക്മിണി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. വി.വി. ബേബി ചെയർമാനും ടി.ജെ. ചാക്കോച്ചൻ ജനറൽ കണ്‍വീനറുമായി 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.