ഏകീകൃത ഭൂനിയമം നടപ്പാക്കണം: കെഎൽസിഎയു
1464414
Monday, October 28, 2024 1:04 AM IST
കൽപ്പറ്റ: സംസ്ഥാനത്ത് ഏകീകൃത ഭൂനിയമം നടപ്പാക്കണമെന്ന് ബത്തേരി വ്യാപാര ഭവനിൽ(ഷിജു എസ്. കോളിയാടി നഗർ) ചേർന്ന കേരള ലാൻഡ് കമ്മീഷൻ ഏജന്റസ് യൂണിയൻ(കെഎൽസിഎ) ജില്ലാ പ്രവർത്തക കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭൂമിയുടെ ന്യായവില ഉറപ്പാക്കുക, കെട്ടിട,ഭൂനികുതി വർധന പിൻവലിക്കുക, രജിസ്ട്രേഷൻ വകുപ്പിലെ അനാവശ്യ പരിഷ്കാരങ്ങൾ ഒഴിവാക്കുക, ലാൻഡ് ബോർഡുകളിലെ അശാസ്ത്രീയ നിയമനങ്ങൾ അവസാനിപ്പിക്കുക, തണ്ണീർത്തട സംരക്ഷണ നിയമത്തിലെയും റീസർവേയിലെയും അപാകതകൾ പരിഹരിക്കുക, വസ്തു വിൽപന ഇടനിലക്കാർക്ക് തൊഴിൽ കാർഡ് അനുവദിക്കുക, ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ.വി. സജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.കെ. ജ്യോതിഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എൻ. ശ്രീനിവാസൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഉമ്മർ, സംസ്ഥാന നേതാക്കളായ കെ.എം. ബീരാൻ, സി.എം. ജാഫർഖാൻ, ഷാഫി അബ്ദുള്ള, ഇ.എൽ. വിൻസന്റ് റിസാനത്ത് സലിം, ജില്ലാ ട്രഷറർ ബേബി തുരുത്തിയിൽ, പടിഞ്ഞാറത്തറ മേഖലാ പ്രസിഡന്റ് മുഹമ്മദ് ഫാരിസ്, ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതിയംഗം ഉമ്മർ കുണ്ടാട്ടിൽ എന്നിവർ പ്രസംഗിച്ചു.