ഉരുൾ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണം: ടി. സിദ്ദിഖ് എംഎൽഎ
1457496
Sunday, September 29, 2024 5:57 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കാണാതായവർക്കായുള്ള തെരച്ചിൽ മുണ്ടക്കൈ, ചൂരൽമല, സൂചിപ്പാറ ഭാഗങ്ങളിൽ നിർത്തിവച്ചിട്ട് ആഴ്ചകളായി. ജൂലൈ 30ന് ഉരുൾപ്പൊട്ടലുണ്ടായതിനുശേഷം ഓഗസ്റ്റ് 14 വരെയാണ് തെരച്ചിൽ നടത്തിയത്. പിന്നീട് ഒരു ദിവസം കൂടി തെരഞ്ഞു. അന്ന് അഞ്ച് ശരീരാവശിഷ്ടങ്ങളാണ് ലഭിച്ചത്.
പിന്നീട് നിലന്പൂരിൽനിന്ന് ഒരു ശരീരഭാഗംകൂടി കിട്ടി. നിരവധി ശരീരാവശിഷ്ടങ്ങൾ മണ്ണിനടിയിലും മറ്റുമായി കിടക്കുകയാണ്. തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വലിയ പാളിച്ചയുണ്ടായി.
തുടക്കത്തിലെ വേഗത പിന്നീടുണ്ടായില്ല. തെരച്ചിൽ പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. മന്ത്രിസഭാ ഉപസമിതിയുടെ പ്രവർത്തനം നിലച്ചു. തെരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ തെരച്ചിൽ നടത്തും.അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകും.
ദുരന്തത്തിൽ പരിക്കേറ്റവരിൽ നിരവധിയാളുകൾക്ക് തുടർ ചികിത്സ ആവശ്യമാണ്. ഇതേക്കുറിച്ച് സർക്കാർ മിണ്ടുന്നില്ല. ദുരന്തബാധിരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതിൽ തീരുമാനമാകാത്തത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വീഴ്ചയാണ്.
ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ പാളിച്ചകൾ തിരുത്തുന്നതിനു സത്വര നടപടി സ്വീകരിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, വി.എ. മജീദ് എന്നിവർ കൂടെ ഉണ്ടായിരുന്നു.