വയനാടൻ ചെട്ടിമാർ സംക്രമ ദിനത്തിൽ ഒത്തുകൂടി
1479448
Saturday, November 16, 2024 5:41 AM IST
സുൽത്താൻ ബത്തേരി: വയനാടൻ ചെട്ടി സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പൂർവ നിവാസികളായ ചെട്ടി സമുദായാംഗങ്ങൾ ഇന്നലെ ബത്തേരി മഹാ ഗണപതി ക്ഷേത്ര സന്നിധിയിൽ ഒത്തു ചേർന്നു. യാത്ര വിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് പരസ്പരം സമുദായ അംഗങ്ങൾ വർഷത്തിലൊരിക്കൽ ഗണപതി ക്ഷേത്ര സന്നിധിയിൽ ഒത്തുചേർന്നതിന്റെ ഓർമ്മ പുതുക്കികൊണ്ടായിരുന്നു ഒത്തുച്ചേരൽ.
കർഷകരായ സമുദായ അംഗങ്ങൾ ആദ്യമായി വിളവെടുത്ത് കൊണ്ടുവരുന്ന കാർഷിക വിഭവങ്ങൾ ഗണപതി ഭഗവാന് മുന്പിൽ കാണിക്കയായി അർപ്പിച്ച് അതുകൊണ്ടുണ്ടാക്കുന്ന അന്നദാനമാണ് പ്രധാന ചടങ്ങ്. വിളവെടുപ്പുത്സവത്തിന് നാന്ദികുറിച്ചുകൊണ്ടാണ് സംക്രമദിനാഘോഷ ചടങ്ങ് നടന്നത്.
വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി കേന്ദ്ര സമിതിയുടെയും ഐവർ ചെട്ടി സ്ഥാനികളുടെയും നേതൃത്വത്തിലാണ് ചടങ്ങ്.
മാരിയമ്മൻ ക്ഷേത്രാങ്കണത്തിൽ നടന്ന മെഗാതിരുവാതിരയോടെയാണ് സംക്രമ ദിനാഘോഷത്തിന് തുടക്കംകുറിച്ചത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, കേന്ദ്ര സമിതി പ്രസിഡന്റ് ശ്രീധരൻ അന്പലക്കുണ്ട്, ജനറൽ സെക്രട്ടറി സതീശ് ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഘോഷയാത്ര ഗൂഡല്ലൂർ എംഎൽഎ പൊൻജയശീലൻ ഉദ്ഘാടനം ചെയ്തു.
ബത്തേരി മാരിയമ്മൻ ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പട്ട ഘോഷയാത്ര പട്ടണം ചുറ്റി ഗണപതി ക്ഷേത്രത്തിൽ സമാപിച്ചു. സമുദായത്തിന്റെ പരന്പരാഗത കലാരൂപങ്ങളും ക്ഷേത്ര സന്നിധിയിൽ അരങ്ങേറി. ദീപാരാധനയ്ക്ക് ശേഷം ചുറ്റുവിളക്ക് തെളിയിച്ച് 101 നാളികേരം ഉടച്ചതോടെ ചടങ്ങ് സമാപിച്ചു.