കന്പമല മാവോയിസ്റ്റ് അതിക്രമം: എൻഐഎ കേസെടുത്തു
1479446
Saturday, November 16, 2024 5:41 AM IST
കൽപ്പറ്റ: വയനാട് തലപ്പുഴ കന്പമല തേയിലത്തോട്ടത്തിലെ കേരള വനം വികസന കോർപറേഷൻ ഡിവിഷണൽ മാനേജരുടെ ഓഫീസ് മാവോയിസ്റ്റുകൾ അടിച്ചുതകർത്ത സംഭവത്തിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻഐഎ) കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ എൻഐഎ സംഘം, സംഭവ ദിവസം മാവോയിസ്റ്റുകൾ വാട്സ്ആപ്പിലൂടെ പോസ്റ്ററുകളുടെയും മറ്റും ചിത്രങ്ങൾ അയച്ചുകൊടുത്ത മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്തു.
2023 സെപ്റ്റംബർ 28ന് ഉച്ചയ്ക്കു 12 ഓടെയാണ് മാവോവാദി സംഘം കന്പമലയിലെ കെഎഫ്ഡിസി ഡിവിഷണൽ മാനേജരുടെ കാര്യാലയത്തിൽ അതിക്രമച്ചുകയറി കംപ്യൂട്ടറുൾ, മേശകൾ, ജനൽച്ചില്ലുകൾ എന്നിവ അടിച്ചുതകർത്തത്. 20 മിനിറ്റോളം ഡിവിഷണൽ മാനേജരുമായി സംസാരിച്ച മാവോയിസ്റ്റുകൾ ഓഫീസ് കെട്ടിടത്തിന്റെ പുറംചുമരിൽ മലയാളത്തിലും തമിഴിലും എഴുതിയ പോസ്റ്ററുകൾ പതിക്കുകയുണ്ടായി.
ഓഫീസ് ജീവനക്കാരിൽ ഒരാളുടെ ഫോണ് ഉപയോഗപ്പെടുത്തിയാണ് ഏതാനും മാധ്യമ പ്രവർത്തകർക്ക് വാട്സ്ആപ്പിലൂടെ ചിത്രങ്ങൾ അയച്ചത്. കനത്ത മഴയ്ക്കിടെ പ്ലാസ്റ്റിക് ഷീറ്റ് ധരിച്ചാണ് അഞ്ചംഗ സംഘം ഓഫീസിൽ എത്തിയത്. ഒരു മണിയോടെയാണ് സംഘം കന്പമലയിൽനിന്നു മടങ്ങിയത്.
വർഷങ്ങൾ മുൻപ് ശ്രീലങ്കയിൽനിന്നു എത്തിയ തമിഴ് അഭയാർഥികളുടെ പുനരധിവാസത്തിനു ആരംഭിച്ചതാണ് കന്പമല തേയിലത്തോട്ടം. തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുക, പാർപ്പിടങ്ങൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാവോവാദികൾ കന്പമലയിൽ പതിച്ച പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. കന്പമല കെഎഫ്ഡിസി ഓഫീസിലും പരിസരങ്ങളിലും ഒക്ടോബർ ഏഴിന് അന്നത്തെ എഡിജിപി എം.ആർ. അജിത്കുമാർ സന്ദർശനം നടത്തിയിരുന്നു. സമീപകാലത്ത് പലപ്പോഴായി പോലീസ് പിടിയിലായ മാവോവാദികൾ ഉൾപ്പെടുന്ന സംഘമാണ് കന്പമലയിൽ അതിക്രമം നടത്തിയത്.