പെരുമുണ്ട പാടശേഖരത്തെ കനാൽ സ്വകാര്യ വ്യക്തി നികത്തിയതായി പരാതി
1479453
Saturday, November 16, 2024 5:41 AM IST
പുൽപ്പള്ളി: വേലിയന്പം പെരുമുണ്ടയിൽ ജലസേചന വകുപ്പ് കർഷകർക്കായി നിർമിച്ച കനാൽ സ്വകാര്യ വ്യക്തി നികത്തുന്നുവെന്ന് പരാതി. മതിലും ഷോക്ക് ഫെൻസിംഗും തീർത്ത് കനാൽ കെട്ടിമറിയ്ക്കാനാണ് ശ്രമം നടത്തുന്നത്. ഇതിനാൽ പ്രദേശവാസികളായ കർഷകർക്ക് കനാലിലെ വെള്ളം തിരിക്കാൻ പോകാൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തെ കൃഷിഭൂമി വാങ്ങിയ കർണാടക സ്വദേശിക്കെതിരെയാണ് പരാതിയുമായി നാട്ടുകാർ രംഗത്തുവന്നിരിക്കുന്നത്.
കർണാടക സ്വദേശിയുടെ സ്ഥലത്ത് രണ്ട് കുളം നിർമിച്ച് കനാലിലെ വെള്ളം അതിലേക്ക് തിരിച്ചുവിടുകയാണ്. ഇതിനാൽ പ്രദേശത്തെ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്നും കർഷകർ പരാതിപ്പെട്ടു.
വനാതിർത്തിയോട് ചേർന്നുള്ള ചെക്ക് ഡാമിലാണ് പ്രദേശത്തെ കോളനിവാസികൾ തുണിയലക്കുന്നതും കുളിക്കുന്നതുമെല്ലാം. എന്നാലിപ്പോൾ പ്രദേശത്ത് സ്ഥലം വാങ്ങിയ കർണാടക സ്വദേശികൾ ഇത് തടയുകയാണ്. ചെക്ക് ഡാമിൽ സോപ്പ് ഉപയോഗിച്ച് തുണിയലക്കിയാൽ വെള്ളം നാശമാകുമെന്നും കനാലിലൂടെ വരുന്ന ഈ വെള്ളം കുളത്തിലേക്ക് തിരിച്ചുവിടുന്പോൾ മീനുകൾ ചത്തുപോകുമെന്നും പറഞ്ഞാണ് കോളനിവാസികളെ തോട്ടിൽ അലക്കുന്നതും കുളിക്കുന്നതും വിലക്കിയിരിക്കുന്നത്.
40 വർഷം മുന്പാണ് പ്രദേശത്ത് ജലസേചന വകുപ്പ് രണ്ട് ചെക്ക് ഡാമുകളും കനാലും നിർമിച്ച് കൃഷിക്കാവശ്യമായ ജലസേചന സൗകര്യമൊരുക്കിയത്. കനാലിന് ആവശ്യമായ സ്ഥലം പ്രദേശവാസികൾ വിട്ടുനൽകിയതാണ്. പെരുമുണ്ട ചെക്ക് ഡാമിനോട് ചേർന്ന് സ്വകാര്യ വ്യക്തി വിട്ടുനൽകിയ ഭൂമിയിൽ മറ്റൊരു ജലസേചന പദ്ധതിക്കുള്ള പന്പ് ഹൗസും സ്ഥാപിച്ചിരുന്നു.
എന്നാൽ കർണാടക സ്വദേശി സ്ഥലത്തിന് ചുറ്റും മതിലും ഷോക്ക് ഫെൻസിംഗും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പെരുമുണ്ട കോളനിയിലേക്ക് തോടിന്റെ കരയിലൂടെയുള്ള നടവഴി തടസപ്പെടുത്തിക്കൊണ്ടാണ് മതിൽ നിർമിക്കുന്നതെന്ന പരാതിയുമായി കോളനിവാസികളും രംഗത്തുവന്നിട്ടുണ്ട്. ഈ വിഷയത്തിൽ നാട്ടുകാർ ജലസേചന വകുപ്പിനും റവന്യു, പോലീസ് അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്.