വേനൽ കനത്തതോടെ അതിർത്തി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു
1479450
Saturday, November 16, 2024 5:41 AM IST
പുൽപ്പള്ളി: വേനലായതോടെ കേരള, കർണാടക അതിർത്തിയിലെ കൊളവള്ളി, ചാമപ്പാറ, ഗൃഹന്നൂർ പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. കഴിഞ്ഞ ദിവസം കൊളവള്ളി പാടത്ത് കൂട്ടമായിറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു.
വനാതിർത്തിയിൽ സ്ഥാപിച്ച കിടങ്ങുകളുടെ സംരക്ഷണത്തിന് പദ്ധതികളില്ലാത്തതിനാൽ ബന്ദിപ്പുർ, നാഗർഹോള വനമേഖലയിൽ നിന്നു കബനിപ്പുഴ കടന്ന് കാട്ടാനകൾ പകൽപോലും കൃഷിയിടത്തിലിറങ്ങുകയാണ്. കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും നാട്ടിൽ ഇറങ്ങുന്നത് വർധിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു പ്രതിരോധ നടപടിയും സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.
നെല്ല് കതിരിട്ടതോടെ കർഷകർ പാടത്ത് ആനകളെ തുരത്താൻ കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂട്ടമായെത്തുന്ന ആനകളെ തുരത്താനാവാത്ത അവസ്ഥയാണ്.
വനാതിർത്തി പ്രദേശങ്ങളിൽ വനംവകുപ്പ് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല ദിവസങ്ങളിലും പ്രവർത്തനരഹിതമാകുന്നത് മൂലം ആനകൾ ജനവാസ കേന്ദ്രത്തിലേക്കിറങ്ങുകയാണെന്നാണ് കർഷകർ പറയുന്നത്. വനാതിർത്തി പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് പദ്ധതികൾ തയാറാക്കണമെന്നാണ് കർഷകരുടെ ആവശ്യം. പകൽപോലും ആനകൾ കൃഷിയിടത്തിലിറങ്ങാൻ തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾക്ക് പുഴയിൽ അലക്കാനും കുളിക്കാനുംപോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം അഞ്ച് ആനകളാണ് കൊളവള്ളി പാടത്തിറങ്ങിയത്.