വിദ്യാര്‍ഥികള്‍ സാമൂഹ്യ ബോധമുള്ളവരായി വളരണം: പി. സതീദേവി
1569101
Saturday, June 21, 2025 4:55 AM IST
കോഴിക്കോട്: വിദ്യാര്‍ഥികള്‍ സാമൂഹ്യ ബോധമുള്ളവരായി വളരണമെന്ന് സംസ്ഥാന വനിതാ കമീഷന് അധ്യക്ഷ പി. സതീദേവി. "വ്യക്തി, സമൂഹം, സ്വാതന്ത്ര്യം: ലിംഗ വിവേചനങ്ങളുടെ കേരളീയ പശ്ചാത്തലം' വിഷയത്തില്‍ ഉള്ളിയേരി എംഡിഐടി എന്‍ജിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമൂഹത്തില്‍ വ്യക്തികള്‍ എങ്ങനെ ജീവിക്കണമെന്നതിനെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും ധാരണയുള്ളവരായി യുവതലമുറ മുന്നോട്ടുവന്നാല്‍ മാത്രമേ ഭരണഘടന ലക്ഷ്യമിടുന്ന രീതിയില്‍ രാജ്യത്തെ മാറ്റിയെടുക്കാന്‍ സാധിക്കൂ. എല്ലാ ലൈംഗിക വിഭാഗങ്ങള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. അതിന് പരിരക്ഷ കൊടുക്കുന്ന നാടായി നമ്മുടെ നാടിനെ മാറ്റിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ എംഡിറ്റ് ചെയര്മാന് എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. എൻജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മഹീഷന്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ബീന സദാശിവന്, പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ പി. ഷഹനാസ് തുടങ്ങിയവര്‍ പങ്കെടുത്തു.