പേവിഷബാധ: അസംബ്ലികളില്‍ ബോധവത്കരണം : ജില്ലാതല ഉദ്ഘാടനം പ്രൊവിഡന്‍സ് ഗേള്‍സ് സ്കൂളില്‍
1571603
Monday, June 30, 2025 5:04 AM IST
കോഴിക്കോട്: പേവിഷബാധക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് ജില്ലയിലെ സ്കൂള്‍ അസംബ്ലികളില്‍ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കും. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഏറ്റാല്‍ രോഗപ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷന്, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയിലാണ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണം നല്‍കുക.
ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന പരിപാടിയുടെ തുടര്‍ച്ചയായി ജൂലൈയില്‍ എല്ലാ സ്കൂളുകളിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പിടിഎ യോഗങ്ങളിലൂടെ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന ലഘുലേഖകളും വിഡിയോകളും പോസ്റ്ററുകളും തയാറാക്കി പ്രചാരണവും നടത്തും.
സ്കൂളുകളിലെ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷത വഹിക്കും.