സോളാര്‍ ഫെന്‍സിംഗ് പദ്ധതി പാളി: കക്കയത്ത് വീണ്ടും ഭീഷണി വിതച്ച് കാട്ടുപോത്തുകള്‍
1571958
Tuesday, July 1, 2025 7:36 AM IST
കൂരാച്ചുണ്ട്: കക്കയത്ത് ഭീഷണി വിതക്കുന്ന കാട്ടുപോത്ത് അടക്കമുള്ള വന്യജീവികളെ പ്രതിരോധിക്കാനായി വനംവകുപ്പ് ആരംഭിച്ച ഫെന്‍സിംഗ് പദ്ധതി പാതിവഴിയില്‍.
കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാര്‍ഡ് കക്കയം ഡാംസൈറ്റ് റോഡിലെ ജനവാസ കേന്ദ്രത്തില്‍ തുടര്‍ച്ചയായി കാട്ടുപോത്തിറങ്ങി ജനജീവിതത്തിനു ഭീഷണി സൃഷ്ടിച്ചതിനെ തുടര്‍ന്നായിരുന്നു വനാതിര്‍ത്തിയില്‍ 2.5 കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കല്‍ പ്രവൃത്തി കഴിഞ്ഞ മെയ് 21ന് ആരംഭിച്ചത്.
ചുരുങ്ങിയ ദിവസം മാത്രമാണ് പ്രവൃത്തി നടന്നത്. ഫെന്‍സിംഗ് വനാതിര്‍ത്തിയില്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. പക്ഷെ ഫെന്‍സിംഗ് റോഡരികില്‍ സ്ഥാപിച്ചതോടെയാണ് പ്രശ്നമായത്. ഫെന്‍സിംഗ് സ്ഥാപിച്ച സ്ഥലം പൊതുമരാമത്ത് വക സ്ഥലത്തായതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഫെന്‍സിംഗ് റോഡരികില്‍ സ്ഥാപിച്ചാല്‍ വാഹനങ്ങള്‍ കടന്നു പോകുന്നതിനു േറാഡിന് വീതി കുറയുമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഒരു മാസത്തിലേറെയായി പ്രവൃത്തി മുടങ്ങിക്കിടക്കുകയാണ്. അതിനിടെ ഈ മേഖലയിലെ കൃഷിയിടങ്ങളില്‍ കാട്ടുപോത്തുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്.
കൃഷിയിടത്തില്‍ ജോലി ചെയ്യാന്‍ ആളുകള്‍ ഭയപ്പെടുകയാണ്. അടുത്തിടെ ഡാം റോഡില്‍ യാത്ര ചെയ്തവര്‍ കാട്ടുപോത്ത് കൂട്ടത്തെ കണ്ടിരുന്നു. കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിരവധി സമരങ്ങള്‍ അരങ്ങേറി ഒരു വര്‍ഷം കഴിഞ്ഞാണ് വനം വകുപ്പ് വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ച് അടിയന്തരമായി വനഭൂമിയില്‍ തന്നെ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ച് എത്രയും വേഗം വന്യമൃഗ ഭീഷണിക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്.
ജനങ്ങളുടെ ജീവന് പന്താടരുത്
കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ടതിനു ശേഷം ഫെന്‍സിംഗ് നിര്‍മിക്കുമെന്ന് അധികൃതര്‍ നല്കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. കരാറുകാരന് സാങ്കേതിക കാരണത്തിന്റെ പേരില്‍ പ്രവര്‍ത്തി ഇടയ്ക്ക് വച്ച് നിര്‍ത്തി പോവുകയാണുണ്ടായത്. ജനങ്ങളുടെ ജീവന് വെച്ച് അധികാരികള്‍ പന്താടുകയാണ്.
പൊതുവഴിയില്‍ നിന്നും വനാതിര്‍ത്തിയിലേക്ക് ഫെന്‍സിംഗ് മാറ്റി സ്ഥാപിക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അംഗികാരം ഇനിയും വാങ്ങണമെന്നാണ് കക്കയത്തെ വനം ഉദ്യോഗസ്ഥരുടെ നിലപാട്.
പേപ്പട്ടികളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കാന്‍ ചിലവഴിക്കുന്ന കോടിക്കണക്കിന് രൂപയുടെ ചെറിയ ശതമാനമെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിക്കാന്‍ വിനിയോഗിക്കണം. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം.
ജോണ്സണ് കക്കയം.
( എകെസിസി രൂപതാ സെക്രട്ടറി)
വനംവകുപ്പ് പരാജയം
കക്കയത്ത് ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങള്‍ ജനങ്ങള്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് വനംവകുപ്പ് പരാജയപ്പെടുകയാണ്. സോളാര്‍ ഫെന്‍സിംഗ് പദ്ധതി എങ്ങുമെത്തിയില്ല. പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇനിയും വൈകരുത്.
ജോണ്‍ വേമ്പുവിള. (കക്കയത്തെ കര്ഷകന്)