സരോവരം പാര്‍ക്ക് വികസന പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍
1571956
Tuesday, July 1, 2025 7:36 AM IST
കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്ക് നവീകരണം അവസാനഘട്ടത്തില്‍. ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി പാര്‍ക്കിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് വിവിധ പ്രവൃത്തികള്‍ നടത്തുന്നത്.
നവീകരണത്തിന്റെ ഭാഗമായ ചുറ്റുമതില്‍ നിര്‍മാണവും കുട്ടികളുടെ പാര്‍ക്കിന്റെ പ്രവൃത്തികളും ഗ്രീന്‍ ഷെല്‍ട്ടറുകള്‍ മാറ്റിസ്ഥാപിക്കലും പുരോഗമിക്കുകയാണ്.
കുട്ടികളുടെ കളിസ്ഥലത്ത് പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കും. പാര്‍ക്കിലെ പഴയ ബള്‍ബുകളും വിളക്കുകാലുകളും മാറ്റും. റെയിന്‍ ഷെല്‍ട്ടറുകളുടെ നവീകരണവും പഴയ ഓട് മാറ്റിസ്ഥാപിക്കലും പെയിന്റങ്, വെല്‍ഡിങ് പ്രവൃത്തികളുമാണ് പൂര്‍ത്തിയായത്. 40 സിസിടിവി കാമറകളും 30 വേസ്റ്റ് ബിന്നും പാര്‍ക്കിന്റെ വിവിധയിടങ്ങളിലായി ഉടന്‍ സജ്ജീകരിക്കും.
ഓപണ്‍ എയര്‍ തിയറ്റര്‍, കല്ലുപാകിയ നടപ്പാത, മരംകൊണ്ടുള്ള ചെറുപാലങ്ങള്‍, സെക്യൂരിറ്റി ക്യാബിന്, കവാടം എന്നിവയെല്ലാം മനോഹരമാക്കും. തകര്‍ന്നതും തുരുമ്പെടുത്തതുമായ ഇരിപ്പിടങ്ങള്‍, അമിനിറ്റി സെന്റര്‍, കഫറ്റീരിയ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും നവീകരിക്കും.
2024ലാണ് നവീകരണത്തിനായി 2.19 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഓപണ്‍ ജിം, ബോട്ടിങ് സൗകര്യം, ചിത്രശലഭ പാര്‍ക്ക്, പക്ഷിസങ്കേതം, ബോര്‍ഡ്-വാക്ക് എന്നിവയും പാര്‍ക്കിലെ ആകര്‍ഷണങ്ങളാണ്.