മുക്കം ടൗണിൽ അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്കും രൂക്ഷം
1571609
Monday, June 30, 2025 5:04 AM IST
മുക്കം: അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്കും മൂലം വലഞ്ഞ് മുക്കം ടൗണിലെത്തുന്നവർ. ട്രാഫിക് സംവിധാനങ്ങൾ കാര്യക്ഷമമായി നിയന്ത്രിക്കേണ്ട മുക്കം നഗരസഭയോ പോലീസോ ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.
ടൗണിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ നഗരസഭ സൗകര്യമൊരുക്കാത്തതിനാൽ റോഡരികുകളിലാണ് ഭൂരിഭാഗം വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. പൊതുവേ തീരെ വീതിയില്ലാത്ത മുക്കം ഓർഫനേജ് റോഡിലടക്കം കാർ അടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിത്യസംഭവമാണ്. ഇത് പലപ്പോഴും രൂക്ഷമായ ഗതാഗത കുരുക്കിനാണ് കാരണമാകുന്നത്.
വർഷങ്ങൾക്കു മുൻപ് നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം നോക്കുകുത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞു. വൺവേ സംവിധാനം അടക്കം പരിഷ്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്നുവെങ്കിലും നോക്കാൻ ആളില്ലാതായതോടെ നിയമലംഘനം നിത്യസംഭവമായി. നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഇടയ്ക്കിടയ്ക്ക് ചേരുന്നുണ്ടെങ്കിലും തീരുമാനങ്ങളെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണ്.
നഗരത്തിലെ ചില റോഡുകൾ വൺവേയാക്കിയും വലിയ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചും ബസ് റൂട്ട് മാറ്റിയുമായിരുന്നു രണ്ടുവർഷം മുൻപ് നഗരസഭയിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയത്. മുക്കം ഓർഫനേജ് റോഡ്, പിസി ജംഗ്ഷൻ റോഡ്, അഭിലാഷ് ജംഗ്ഷൻ റോഡ്, മാർക്കറ്റ് റോഡ് എന്നിവ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി വൺവേ ആക്കിയിരുന്നു. രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ ഈ റോഡുകളിൽ വൺവേ ഗതാഗതം മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
എന്നാൽ മിക്ക യാത്രക്കാരും ഇത് പരസ്യമായി ലംഘിക്കുകയാണ്. തീരെ വീതിയില്ലാത്തതും കടകൾ നിറഞ്ഞതുമായ ഈ റോഡുകളിൽ വൺവേ നിയമം ലംഘിച്ച് വാഹനങ്ങൾ കടന്നുപോകുന്നത് വലിയ ഗതാഗത കുരുക്കാണ് സൃഷ്ടിക്കുന്നത്.
വൺവേ പാലിക്കണമെന്നത് സംബന്ധിച്ച സൂചന ബോർഡുകൾ റോഡരികുകളിൽ സ്ഥാപിക്കുകയല്ലാതെ നഗരസഭാ അധികൃതരോ പൊസോ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം. ഏറെ തിരക്കുള്ള മുക്കം കടവ് പാലത്തിലടക്കം അനധികൃത പാർക്കിംഗ് രൂക്ഷമാണ്. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതാണ് അനധികൃത പാർക്കിംഗിന് പ്രധാന കാരണം.
ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന തങ്ങൾ എവിടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ഗതാഗത പരിഷ്കരണം പരാജപ്പെടുന്നതിനെതിരേ പ്രതിഷേധം ഉയരുമ്പോൾ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് നിയമ ലംഘകർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ തീരുമാനമെടുക്കും. രണ്ട് ദിവസത്തിനകം ആ തീരുമാനം വെറും പ്രഖ്യാപനത്തിലൊതുങ്ങും. ഇതാണ് കാലങ്ങളായി നഗരസഭയിൽ സംഭവിക്കുന്നത്.
മുക്കം സ്റ്റേഷനിൽ ആവശ്യത്തിന് പോലീസുകാർ ഇല്ലാത്തതാണ് ഗതാഗത പരിഷ്കരണം പരാജയപ്പെടാൻ പ്രധാന കാരണമെന്ന് ആക്ഷേപമുണ്ട്. ടൗൺ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നഗരസഭ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. നഗരസഭയിലെ അഗസ്ത്യൻമുഴിയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.