വികസന കുതിപ്പിനൊരുങ്ങി കുന്നമംഗലം ഗവ. കോളേജ്
1571947
Tuesday, July 1, 2025 7:35 AM IST
കോഴിക്കോട്:ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വികസനക്കുതിപ്പിനൊരുങ്ങി കുന്നമംഗലം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്. വെള്ളനൂര് കോട്ടോല്‍കുന്നില്‍ ചാത്തമംഗലം പഞ്ചായത്ത് ഏറ്റെടുത്തുനല്‍കിയ 5.1 ഏക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജില്‍ 12 ക്ലാസ് മുറികളും വിശാലമായ സെമിനാര്‍ ഹാളും രണ്ട് കമ്പ്യൂട്ടര്‍ ലാബുകളും ഉള്‍ക്കൊള്ളുന്ന മൂന്നുനില അക്കാദമിക് ബ്ലോക്ക് ഇന്ന് വൈകുന്നേരം മൂന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും.
കാന്റിന്, പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, ഓപണ്‍ എയര്‍ ഓഡിറ്റോറിയം, വുഷു പ്ലാറ്റ്ഫോം എന്നിവയും മന്ത്രി സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പുതിയ അക്കാദമിക് ബ്ലോക്കും കാന്റിനും ഹോസ്റ്റലും നിര്‍മിച്ചത്. പി.ടി.എ. റഹീം എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 25 ലക്ഷം രൂ വിനിയോഗിച്ചാണ് വുഷു പ്ലാറ്റ്ഫോം നിര്‍മിച്ചത്. ഇതോടെ സ്വന്തമായി വുഷു പ്ലാറ്റ്ഫോം ഉള്ള സംസ്ഥാനത്തെ ആദ്യ കോളേജ് എന്ന നേട്ടവും സ്വന്തമായി.
നിലവില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ കോളജ് വുഷു ചാമ്പ്യന്മാരാണ്. സ്വന്തമായി ഫുട്ബോള്‍ ടര്‍ഫ് ഒരുക്കിയ ആദ്യ സര്‍ക്കാര്‍ കോളജ് കൂടിയാണിത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 92 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ഓപണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിച്ചത്. ഇംഗ്ലീഷ്, ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിലായി മൂന്ന് യു ജി പ്രോഗ്രാമുകളും ഗണിത വിഷയത്തില്‍ ഒരു പി ജി പ്രോഗ്രാമുമാണ് കോളജില്‍ നിലവിലുള്ളത്.